Gulf

കേരള പ്രവാസി ഫോറം തുണയായി; അജ്മാനില്‍ ദുരിതം നേരിട്ട നിര്‍ധനരോഗി നാടണഞ്ഞു

അജ്മാനില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിനിക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായങ്ങള്‍ കെപിഎഫ് വോളന്റിയര്‍മാര്‍ മുഖേന ചെയ്തുകൊടുത്തത്.

കേരള പ്രവാസി ഫോറം തുണയായി; അജ്മാനില്‍ ദുരിതം നേരിട്ട നിര്‍ധനരോഗി നാടണഞ്ഞു
X

അജ്മാന്‍: അസുഖബാധിതയായി പ്രവാസലോകത്ത് കുടുങ്ങി ദുരിതജീവിതം നയിച്ച നിര്‍ധനസ്ത്രീക്ക് അതിവേഗം നാടണയാന്‍ കേരള പ്രവാസി ഫോറം അജ്മാന്‍ ഘടകത്തിന്റെ അടിയന്തര ഇടപെടല്‍ തുണയായി. അജ്മാനില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിനിക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായങ്ങള്‍ കെപിഎഫ് വോളന്റിയര്‍മാര്‍ മുഖേന ചെയ്തുകൊടുത്തത്. ജോലി ആവശ്യാര്‍ത്ഥം അഞ്ചുമാസം മുമ്പ് യുഎഇയില്‍ എത്തിയതായിരുന്നു നിര്‍ധന കുടുംബാംഗമായ സ്ത്രീ.

അജ്മാന്‍ എമിറേറ്റിലെ ഒരു വീട്ടില്‍ ജോലിചെയ്തു വരവേ ജീവിതശൈലീ രോഗങ്ങള്‍ കടുത്ത് നന്നേ അവശതയിലായി. ചികിത്സയും മരുന്നുകളും മുടങ്ങി. ഇതിനിടെ ജോലിയും നഷ്ടപ്പെട്ടു. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഒടുവില്‍ കേരള പ്രവാസി ഫോറം വോളന്റിയര്‍മാര്‍ സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. ഭക്ഷണച്ചെലവ് ഉള്‍പ്പെടെ ഏറ്റെടുക്കുകയും സ്ത്രീക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ മൂലം വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കിയതോടെ നാട്ടിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലായി.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് മിഷന്‍ വിമാനത്തില്‍ തിരിച്ചുപോകാനായി ഇവര്‍ നോര്‍ക്ക റൂട്ട്‌സിലും ഇന്ത്യന്‍ എംബസിയിലും രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രോഗവിവരങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടും അധികൃതര്‍ കനിഞ്ഞില്ല. എന്നാല്‍, കെ.പി.എഫ് വോളന്റിയര്‍മാര്‍ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫിസില്‍ പോയി ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും യാത്രാരേഖകള്‍ ശരിയാക്കാന്‍ ഇടപെടുകയും ചെയ്തു. അബൂദബിയിലെ ഇന്ത്യന്‍ എംബസിയില്‍ നടത്തിയ നിരന്തര ഇടപെടലും സഹായകമായി.

അജ്മാനിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ മുഖേന വിമാന ടിക്കറ്റ് തരപ്പെടുത്തുക കൂടി ചെയ്തതോടെ മൂന്നു ദിവസത്തിനകം നാട്ടിലേക്ക് മടങ്ങാന്‍ രോഗിയായ സ്ത്രീക്ക് സാധിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നാട്ടിലെത്തിയ സ്ത്രീ പിന്നീട് കെപിഎഫ് വോളന്റിയര്‍ ക്യാപ്റ്റനെ ഫോണില്‍ വിളിച്ച് പ്രത്യേകം നന്ദി അറിയിച്ചു. കേരള പ്രവാസി ഫോറം പ്രവര്‍ത്തകരായ സജീര്‍ കട്ടയില്‍, കബീര്‍ കോഴിക്കോട്, യാസീന്‍ മാട്ടൂല്‍ എന്നിവരാണ് വിഷയത്തില്‍ സജീവമായി ഇടപെട്ട് തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it