Gulf

പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ദമ്മാം മീഡിയാ ഫോറം

ദമ്മാമിലെ മലയാളം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയാ ഫോറം ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനമായി നല്‍കിയത്. മുന്‍ പ്രസിഡന്റ് എം എം നഈം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.

പ്രളയദുരിതബാധിതര്‍ക്ക് കൈത്താങ്ങായി ദമ്മാം മീഡിയാ ഫോറം
X

ദമ്മാം: പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ദമ്മാം മീഡിയാ ഫോറത്തിന്റെ സഹായധനം. ദമ്മാമിലെ മലയാളം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദമ്മാം മീഡിയാ ഫോറം ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനമായി നല്‍കിയത്. മുന്‍ പ്രസിഡന്റ് എം എം നഈം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ അധികൃതരുടെയും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ മിഷിനറിയുടെയും ശ്രദ്ധയില്‍കൊണ്ടുവരുന്നതില്‍ പ്രവാസി മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ വസ്തുതകള്‍ മനസ്സിലാക്കി പൂര്‍ണമനസ്സോടെ അത് ഏറ്റെടുത്ത് നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ സുസജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് പ്രവാസി സമൂഹത്തില്‍നിന്ന് നിസ്സീമമായ പിന്തുണയാണ് ലഭിച്ചത്. ഈ വിഷയത്തില്‍ ദമ്മാമിലെ മലയാളം മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ കാണിച്ച ഉദാരത മാതൃകാപരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളങ്ങളുടെ ഫീസിനത്തില്‍ ലഭിക്കുന്ന ചെറിയ തുകകള്‍ ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കണ്ണിചേരുന്നതിനാണ് ദമ്മാം മീഡിയ ഫോറം ഉപയോഗപ്പെടുത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാലാകാലങ്ങളിലായി ഏറ്റെടുത്ത് നടത്തിയ ഇത്തരം മുഴുവന്‍ സേവനങ്ങളും ഫോറം സ്വന്തം നിലയ്ക്ക് നിര്‍വഹിച്ചുപോരുകയാണ്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ ഒരാള്‍ക്ക് നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതി പൂര്‍ത്തീകരണഘട്ടത്തിലാണ്. തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെ ആതുരസേവനരംഗത്തും അര്‍ഹരായവരെ കണ്ടെത്തി ദമ്മാം മീഡിയാ ഫോറം സാമ്പത്തിക സഹായങ്ങളെത്തിച്ചിട്ടുണ്ട്. പ്രവാസി സമൂഹത്തിന്റെ പൊതുവിഷയങ്ങളില്‍ ഇടപെടുന്നതോടൊപ്പം അവരുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍കൂടി പങ്കാളികളാവുകയെന്നതാണ് ദമ്മാം മീഡിയഫോറം അനുവര്‍ത്തിച്ചുവരുന്നതെന്നും ഫോറം ഭാരവാഹികള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it