Gulf

9 വര്‍ഷത്തിനുശേഷം മോഹനന്‍ നാടണഞ്ഞു; തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

രണ്ടുവര്‍ഷം മുമ്പ് ജോലിയ്ക്കിടെ അപകടത്തില്‍ പരിക്കേല്‍ക്കുകയും ജോലിചെയ്യാന്‍ കഴിയാതെ ഒന്നര വര്‍ഷത്തോളം ചികില്‍സയില്‍ കഴിയുകയുമായിരുന്നു. ഇക്കാലയളവിലെ ശമ്പളം മുടങ്ങിയതും ശാരീരികപ്രയാസങ്ങളും മോഹനന്റെ പ്രവാസജീവിതം കൂടുതല്‍ ദുരിതമയമാക്കി.

9 വര്‍ഷത്തിനുശേഷം മോഹനന്‍ നാടണഞ്ഞു; തുണയായത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദമ്മാം: ഒമ്പതര വര്‍ഷത്തോളമായി നാട്ടില്‍ പോവാന്‍ കഴിയാതെ ദുരിതത്തിലായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി മോഹനന്‍ നാരായണന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തി. അല്‍ഖോബാറിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന മോഹനന് കമ്പനിയിലെ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം നാട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല.

രണ്ടുവര്‍ഷം മുമ്പ് ജോലിയ്ക്കിടെ അപകടത്തില്‍ പരിക്കേല്‍ക്കുകയും ജോലിചെയ്യാന്‍ കഴിയാതെ ഒന്നര വര്‍ഷത്തോളം ചികില്‍സയില്‍ കഴിയുകയുമായിരുന്നു. ഇക്കാലയളവിലെ ശമ്പളം മുടങ്ങിയതും ശാരീരികപ്രയാസങ്ങളും മോഹനന്റെ പ്രവാസജീവിതം കൂടുതല്‍ ദുരിതമയമാക്കി. ഇതിനിടെ, നാട്ടില്‍ മകളുടെ വിവാഹ തിയ്യതി മോഹനന്റെ വരവും കാത്ത് മൂന്നുതവണ നീട്ടിവയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി. ശാരീരികവും മാനസികമായും തളര്‍ന്ന ഇദ്ദേഹത്തിന്റെ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് അഷ്‌റഫ് മേപ്പയ്യൂര്‍, ജനറല്‍ സെക്രട്ടറി ഷാന്‍ ആലപ്പുഴ എന്നിവര്‍ മോഹനനെ ക്യാംപില്‍ സന്ദര്‍ശിക്കുകയും സഹായം ഉറപ്പുനല്‍കുകയും ചെയ്തു.

രണ്ടാഴ്ച മുമ്പ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയംഗം അന്‍സാരി, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാരി, സക്കീര്‍, നിയാസ് പായിപ്പാട് എന്നിവര്‍ നാട്ടില്‍ മോഹനന്റെ കുടുംബത്തെ സന്ദര്‍ശിച്ച് എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാന്‍ ആലപ്പുഴ, അഷ്‌റഫ് മേപ്പയ്യൂര്‍, അമീന്‍ പുത്തനത്താണി, ഷാജഹാന്‍ കൊല്ലം, സമാന്‍ എന്നിവര്‍ നിയമവശങ്ങളെക്കുറിച്ച് പഠിക്കുകയും മോഹനനെ നാട്ടിലേക്കയക്കാനുള്ള വഴിയൊരുക്കുകയുമായിരുന്നു.

മോഹനനുള്ള യാത്രാ രേഖകളും വിമാനടിക്കറ്റും സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം, ഫോറം തുക്ബ ബ്ലോക്ക് കമ്മിറ്റി അംഗം ഷറഫുദ്ദീന്‍ എടപ്പാള്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലെത്തിയ മോഹനന്‍ നാരായണനെ കുടുംബാംഗങ്ങളും എസ്ഡിപിഐ നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു. ദുരിതക്കയത്തില്‍നിന്നും തന്നെ കരകയറ്റിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് മോഹനനും കുടുംബവും നന്ദിഅറിയിച്ചു.

Next Story

RELATED STORIES

Share it