Gulf

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈത്ത് രണ്ടാമത് ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു

ഇന്ത്യയില്‍നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, തുടര്‍ന്ന് വ്യക്തിഗത മുഖാമുഖം, തുടര്‍വിദ്യാഭ്യാസ തൊഴിലധിഷ്ഠിത സെമിനാറുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശന പ്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിയവയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈത്ത് രണ്ടാമത് ഉന്നതവിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നു
X

കുവൈത്ത് സിറ്റി: ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈത്ത് (സീനിയര്‍, സാല്‍മിയ) തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഉന്നതവിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നു. കുവൈത്തിലെ 9, 10, 11, 12 ക്ലാസുകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായാണു മേള സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ വിദേശ തൊഴില്‍ മേഖലകളിലെ വിപ്ലവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തുകയും ഓരോരുത്തര്‍ക്കും അനുയോജ്യമായ തൊഴില്‍മേഖല കണ്ടെത്തി അവസരങ്ങള്‍ തുറക്കുകയും ചെയ്യുകയെന്നതാണു മേള സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയില്‍നിന്നെത്തിയ വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, തുടര്‍ന്ന് വ്യക്തിഗത മുഖാമുഖം, തുടര്‍വിദ്യാഭ്യാസ തൊഴിലധിഷ്ഠിത സെമിനാറുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും യൂനിവേഴ്‌സിറ്റികളുടെയും പ്രതിനിധികളുമായി സംവേദനം, പ്രവേശന പ്രക്രിയയുടെ പ്രാഥമിക നടപടികള്‍ തുടങ്ങിയവയ്ക്കും അവസരമൊരുക്കിയിട്ടുണ്ട്.

മധ്യ, പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി റൂര്‍ക്കി ഐഐടിയിലെയും, ന്യൂഡല്‍ഹിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെയും ഡയറക്ടര്‍മാര്‍ നേരിട്ട് നയിക്കുന്ന പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായുണ്ടാവും. ജനുവരി 17, 18 തിയ്യതികളില്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന സെമിനാറുകളില്‍ ഇന്ത്യയിലെ പ്രമുഖ കരിയര്‍ ഗുരു ഡോ ബി എസ് വാര്യര്‍, അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാഭ്യാസ വിചക്ഷണന്‍ ജിഹാദ് യാക്കൂബ് എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും. സെമിനാറില്‍ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ തൊഴില്‍ സാധ്യതകളെപ്പറ്റി ഡോ. ബി എസ് വാര്യരും വിദേശങ്ങളില്‍ ലഭ്യമായ തുടര്‍ ഉന്നതവിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങളെപ്പറ്റി ജിഹാദ് യാക്കൂബും സംസാരിക്കും.

മേളയില്‍ ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് 50 ല്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍വകലാശാലകളുടെയും പ്രതിനിധികള്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി നേരിട്ട് ആശയവിനിമയം ചെയ്യും. പ്രിന്‍സിപ്പലും സീനിയര്‍ അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. ബിനുമോന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ബോര്‍ഡ് സെക്രട്ടറി അസ് ഹറുദ്ദീന്‍ അമീര്‍ മുഹമ്മദ്, വൈസ് ചെയര്‍മാന്‍ വിനുകുമാര്‍നായര്‍, ഖൈത്താന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗംഗാധര്‍ ഷിര്‍സാദ്, കമ്മ്യൂണിറ്റി സ്‌കൂള്‍ (സീനിയര്‍ സാല്‍മിയ) വൈസ് പ്രിന്‍സിപ്പല്‍ സൂസന്‍ രാജേഷ് പോത്തന്‍, ഡെപ്യൂട്ടി വൈസ് പ്രിന്‍സിപ്പല്‍ മിനി ഷാജി, ഹയര്‍ എജ്യുക്കേഷന്‍ ഫെയര്‍ പ്രൊജക്ട് ഡയറക്ടര്‍ വിനോദ് ലക്ഷ്മണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it