Gulf

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ഉടന്‍ പിന്‍വലിക്കണം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആധാര്‍ ഉപയോഗിക്കേണ്ടതുള്ളൂ എന്ന 2015 ലെ സുപ്രിം കോടതിവിധിക്ക് എതിരാണ് ഈ നിയമം.

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ഉടന്‍ പിന്‍വലിക്കണം: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

ദോഹ: അടുത്തിടെ പാര്‍ലമെന്റില്‍ പാസ്സാക്കിയ തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ 2021 ഉടന്‍ പിന്‍വലിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു വോട്ടര്‍ പട്ടിക എന്ന ആശയത്തിന്മേല്‍ കൊണ്ടുവരപ്പെട്ട ഈ നിയമം രാജ്യത്തെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും എവിടെ നിന്നും വോട്ട് ചെയ്യാനാകുമെന്നും, ആധാറും വോട്ടര്‍ ലിസ്റ്റും പരസ്പരം ബന്ധിപ്പിക്കുന്നതിനാല്‍ വ്യാജ വോട്ടുകള്‍ തടയാന്‍ സഹായിക്കുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ഇതിനകം തന്നെ ആധാര്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ അതാത് സംസ്ഥാനത്തെ വോട്ടര്‍ പട്ടിക കൃത്യമായ കാലയളവില്‍ പരിഷ്‌കരിക്കുന്നുണ്ട്. അത് വ്യവസ്ഥാപിതമായി നടപ്പിലാക്കിയാല്‍ തന്നെ വ്യാജ വോട്ടുകള്‍ തടയാന്‍ സാധിക്കും എന്നിരിക്കെ അത്തരമൊരു ലക്ഷ്യത്തിനു വേണ്ടി ആധാറും വോട്ടര്‍ പട്ടികയും ബന്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് കേന്ദ്ര സര്‍ക്കാരിന്റെ കൃത്യമായ ചില അജണ്ടയുടെ ഭാഗമാണെന്നും സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ആധാര്‍ ഉപയോഗിക്കേണ്ടതുള്ളൂ എന്ന 2015 ലെ സുപ്രിം കോടതിവിധിക്ക് എതിരാണ് ഈ നിയമം. അത് രഹസ്യ ബാലറ്റ് എന്ന തത്വത്തിനെതിരും പൗരന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുമായിത്തീരും. ഇതുവഴി പൗരന്മാര്‍ക്കിടയില്‍ വേര്‍തിരിവ് കാണിക്കാനും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്തവരെയും എതിര്‍ത്ത് വോട്ട് ചെയ്തവരെയും തിരിച്ചറിയുക വഴി പൗരന്മാരില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ഉതകുമെന്നും സോഷ്യല്‍ ഫോറം വ്യക്തമാക്കി.

ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തെ നിരക്ഷരനായ ജനവിഭാഗങ്ങളിലേക്ക് ഇത് എത്താതിരിക്കുകയും രാജ്യത്തെ വലിയ ഒരു വിഭാഗത്തെ തന്നെ ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പുറത്താക്കാനും അതുവഴി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാനുള്ള പൗരന്റെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുമെന്ന് സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.


Next Story

RELATED STORIES

Share it