Gulf

പ്രാഥമിക വിദ്യാഭ്യാസത്തിന് ഇന്ത്യയ്ക്ക് ദുബയുടെ 14 കോടി

മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കും അവരുടെ അഭിരുചി വളര്‍ത്താന്‍ അമ്മമാരെ സഹായിക്കാനുമുള്ള പദ്ധതിക്കാണ് സാമ്പത്തിക സഹായം.

പ്രാഥമിക വിദ്യാഭ്യാസത്തിന് ഇന്ത്യയ്ക്ക് ദുബയുടെ 14 കോടി
X

ദുബയ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാനായി ദുബയ് കെയേഴ്‌സിന്റെ 14 കോടി രൂപയ്ക്ക് തുല്യമായ 20 ലക്ഷം ഡോളറിന്റെ സഹായം. മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കും അവരുടെ അഭിരുചി വളര്‍ത്താന്‍ അമ്മമാരെ സഹായിക്കാനുമുള്ള പദ്ധതിക്കാണ് സാമ്പത്തിക സഹായം. ഇന്ത്യയിലെ പ്രമുഖ ജീവകാരുണ്യസംഘടനയായ 'പ്രഥം' ഇന്ത്യയുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുന്നത്. 2013 ല്‍ തുടക്കംകുറിച്ച ആദ്യസംരംഭത്തിന്റെ വിജയത്തെ തുടര്‍ന്നാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഗ്രാമീണമേഖലയില്‍ സാക്ഷരത വളര്‍ത്താനുള്ള പദ്ധതി ഏറെ കുട്ടികള്‍ക്ക് ഗുണംചെയ്തിരുന്നു.

പദ്ധതിയുടെ 6 കോടി രൂപ അല്‍ അന്‍സാരി എക്‌സ്‌ചെയ്ഞ്ചിന്റെ വിഹിതമാണ്. ഗണിതശാസ്ത്രത്തിലും മറ്റും മികവുനല്‍കാന്‍ പ്രോല്‍സാഹനം ചെയ്യുന്ന പദ്ധതി, 6 ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതി സഹായകരമായതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്ന പറഞ്ഞു. വിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണ് ദുബയ് കെയേഴ്‌സ് ഇന്ത്യയില്‍ നടപ്പാക്കുന്നതെന്ന് പ്രഥം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സിഇഒ ഡോ.രുക്മിണി ബാനര്‍ജി പറഞ്ഞു. തുടക്കത്തില്‍ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതിയെ തുടര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസം നേടാനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 53 ശതമാനം വര്‍ധിച്ചതായി ദുബയ് കെയേഴ്‌സ് സിഇഒ താരിഖ് അല്‍ ഗുര്‍ഗ് അറിയിച്ചു.




Next Story

RELATED STORIES

Share it