Gulf

ഖുര്‍ആന്‍ മുന്‍കാല വേദങ്ങളെ സത്യപ്പെടുത്തിയ ഗ്രന്ഥം: ദഅവാ സമ്മേളനം

ശെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ശാന്തിയുടെ മാര്‍ഗം മോക്ഷത്തിന്റെയും' എന്ന തലക്കെട്ടില്‍ ദഅവാ സമ്മേളനം സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ സുബൈര്‍ അല്‍ കൗസരി ഉദ്ഘാടനം ചെയ്തു.

ഖുര്‍ആന്‍ മുന്‍കാല വേദങ്ങളെ സത്യപ്പെടുത്തിയ ഗ്രന്ഥം: ദഅവാ സമ്മേളനം
X
മുഹമ്മദ് ഈസാ പെരുമ്പാവൂര്‍ സംസാരിക്കുന്നു

ദോഹ: ശെയ്ഖ് അബ്ദുള്ള ബിന്‍ സെയ്ദ് ആല്‍ മഹ്മൂദ് ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ 'ശാന്തിയുടെ മാര്‍ഗം മോക്ഷത്തിന്റെയും' എന്ന തലക്കെട്ടില്‍ ദഅവാ സമ്മേളനം സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ സുബൈര്‍ അല്‍ കൗസരി ഉദ്ഘാടനം ചെയ്തു.

പ്രമുഖ പ്രബോധകനും മതതാരതമ്യ ഗവേഷകനുമായ മുഹമ്മദ് ഈസാ പെരുമ്പാവൂര്‍ 'നേരായ മാര്‍ഗം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മുന്‍കഴിഞ്ഞുപോയ വേദഗ്രന്ഥങ്ങളെയും പ്രവാചകന്മാരെയും സത്യപ്പെടുത്തിക്കൊണ്ടാണ് പരിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ മുഹമ്മദ് നബിക്ക് അവതരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൗറാത്തിലെ നിയമങ്ങളെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് യേശുക്രിസ്തു സമൂഹത്തിലേക്ക് കടന്നുവന്നിട്ടുള്ളത്. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് പറയപ്പെടുന്നവര്‍ ഇന്ന് തീര്‍ത്തും ആ നിയമങ്ങളുടെ വിപരീതമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ത്രിയേകത്വം എന്ന സങ്കല്‍പം തന്നെ മൂന്നാം നൂറ്റാണ്ടിന് ശേഷമാണ് ഉണ്ടായിവന്നത് എന്നും അത് യേശുക്രിസ്തു അംഗീകരിക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.



തുടര്‍ന്ന് 'ഇസ്ലാം ദൈവിക സമ്മാനം' എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകനും ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ കേരള സംസ്ഥാന സെക്രട്ടറിയുമായ ഹാഫിസ് അഫ്‌സല്‍ ഖാസിമി കൊല്ലം പ്രഭാഷണം നടത്തി. ഇസ്ലാമിനെ എതിര്‍ത്തിരുന്ന ഒരുപാട് ആളുകള്‍ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് കടന്നുവന്നതായാണ് ചരിത്രത്തില്‍ കാണുന്നത്. മലയാളത്തിന്റെ പ്രിയ സാഹിത്യകാരി മാധവിക്കുട്ടി സുരയ്യ എന്ന നാമം സ്വീകരിച്ച് ഇസ്ലാമിലേക്ക് കടന്നുവന്നത് തന്റെ ചിന്തകളുടെ പൂര്‍ത്തീകരണമായിട്ടായിരുന്നു. ഇസ്ലാമിലേക്ക് കടന്നു വരുന്നതിന് മുമ്പ് അവര്‍ അനുഭവിച്ച വിഷമങ്ങളും പ്രയാസങ്ങളും അവരുടെ എഴുത്തുകളില്‍ പ്രകടമായിരുന്നു. എന്നാല്‍, ഇസ്ലാമിലേക്ക് വന്നതിനു ശേഷം അവരുടെ അഭിമുഖങ്ങളിലൂടെ നാം ദര്‍ശിച്ചത് സന്തോഷവും സമാധാനവും നിറഞ്ഞ ആ മനസ്സിനെയാണ്. ഇതുപോലെ മനസമാധാനത്തോടു കൂടിയുള്ള ഒരു ജീവിതമാണ് താന്‍ ആഗ്രഹിച്ചത് എന്നായിരുന്നു അവരുടെ പ്രതികരണം. ഈയടുത്ത് ഇസ്ലാമിനെ മനസ്സിലാക്കി കടന്നുവന്ന ഡോക്ടര്‍ ഹാദിയ എന്ന പെണ്‍കുട്ടിയുടെ അവസ്ഥയും മറിച്ചല്ല. അവര്‍ ഒരുപാട് പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പിടിച്ചു നില്‍ക്കാന്‍ സാധിച്ചത് ഇസ്ലാമിന്റെ മാസ്മരിക ശക്തിമൂലമാണ്. ലോകം ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും പരിശുദ്ധ ഇസ്ലാം സമ്പൂര്‍ണമാണെന്നും മനുഷ്യവിമോചനവും ആത്യന്തിക വിജയവും ഇസ്ലാമിലൂടെയേ സാധ്യമാവൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ ശ്യാം ഖിറാഅത്ത് നിര്‍വ്വഹിച്ചു. ഷാനവാസ് വൈക്കം, സഫര്‍ അഹ്മദ്, ഷബീര്‍ ഖാന്‍ മൗലവി, അനസ് അല്‍ കൗസരി സംസാരിച്ചു.

Next Story

RELATED STORIES

Share it