Gulf

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രാലയം

കുവൈത്തില്‍ കോവിഡ് 19 സംശയങ്ങള്‍ക്കായി മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ സേവനം ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; നിയന്ത്രണത്തിലെന്ന് ആരോഗ്യമന്ത്രാലയം
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 17 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കികയും 5 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രോഗ ബാധിതരുടെ എണ്ണം ആകെ 176 ആയി. 27 പേര്‍ ഇതുവരെ രോഗ മുക്തി നേടി. ചിട്ടയായതും കാര്യക്ഷമവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് കുവൈത്ത് വൈറസ് വ്യാപനം തടഞ്ഞതെന്നും മന്ത്രാലയം അവകാശപ്പെട്ടു. രാജ്യത്ത് ഇന്നുവരെയായി വൈറസ് ബാധയേറ്റ് ചികില്‍സയിലുള്ളവര്‍ 149 പേരാണ്. ഇതില്‍ 5 പേര്‍ ഐസി യുവിലാണ്. 584 പേര്‍ ഹോം ക്വാറന്റൈന്‍ മുക്തനായി. ഹോം ക്വാറന്റൈന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ മിശ്രിഫില്‍ പരിശോധനയ്ക്ക് എത്തേണ്ടതില്ലെന്നു കാപിറ്റല്‍ ഹെല്‍ത്ത് അതോറിറ്റി പറഞ്ഞു. നിരീക്ഷണ കാലാവധി അവസാനിച്ചവര്‍ക്കു ഓണ്‍ലൈന്‍ വഴി റിപോര്‍ട്ട് ചെയ്യാം.

അതിനിടെ, കുവൈത്തില്‍ കോവിഡ് 19 സംശയങ്ങള്‍ക്കായി മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ സേവനം ലഭ്യമാക്കി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ഇസ്‌ലാമിക് പ്രസന്റേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിളിക്കേണ്ട നമ്പറുകള്‍ ഉള്‍പ്പെടുത്തി വിവിധ ഭാഷകളിലുള്ള ലഘുലേഖയും അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എടിഎമ്മിലെ കറന്‍സികള്‍ വൈറസ് ബാധിതര്‍ തൊട്ടതാവാനിടയുള്ളതിനാല്‍ വൈറസ് പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തില്‍, കറന്‍സികള്‍ അണുമുക്തമാക്കിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റോഡുകളും മര്‍ക്കറ്റുകളും അണുമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആഗസ്ത് 3 വരെ അവധി പ്രഖ്യാപിച്ചു. വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു നിരോധനം ഏര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും. പള്ളികളില്‍ പ്രാര്‍ഥനകള്‍ക്കും വിലക്ക് തുടരുകയാണ്. പള്ളികളിലും ടെന്റുകളിലും കേന്ദ്രീകരിച്ച് റമദാന്‍ മാസം നടത്തിവരുന്ന നോമ്പുതുറ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ജനക്കൂട്ടത്തെ ഒഴിവാക്കി വ്യക്തികള്‍ക്ക് നോമ്പുതുറ കിറ്റ് വിതരണം ചെയ്യുന്നത് അനുവദിക്കും. പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന എല്ലാ സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു. വിമാന-ബസ് സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.

കുവൈത്തില്‍ തല്‍ക്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനു സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കാതെ വന്നാല്‍ കര്‍ഫ്യൂ പോലെയുള്ള ശക്തമായ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടുപോകേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്തില്‍ സെയിന്‍, ഓറെഡോ, എസ്ടിസി മുതലായ മൂന്നു മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് ദിനേനെ 5 ജിബി ഡാറ്റാസേവനവും ലോക്കല്‍ കോളുകളും സൗജന്യമായി അനുവദിക്കും. ഈ മാസം 22 മുതല്‍ ഒരു മാസത്തേക്കാണ് അനുവദിക്കുക. ഇത് സംബന്ധിച്ച് കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിക്കാന്‍ മൂന്നു സ്ഥാപനങ്ങളും സന്നദ്ധത അറിയിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

Next Story

RELATED STORIES

Share it