Latest News

ശ്വാസതടസത്തിന് കുത്തിവയ്പ്പ് എടുത്തതിനു പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി

മമല്‍ ആശുപത്രിയിലാണ് ചികില്‍സാപിഴവെന്ന് ആരോപണം

ശ്വാസതടസത്തിന് കുത്തിവയ്പ്പ് എടുത്തതിനു പിന്നാലെ രണ്ടര വയസുകാരി മരിച്ചതായി പരാതി
X

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട മമല്‍ ആശുപത്രിയില്‍ ചികില്‍സാ പിഴവെന്ന് പരാതി. ശ്വാസതടസത്തിന് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ രണ്ടര വയസുകാരി മരിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ഉറിയാക്കോട് സ്വദേശി സിദ്ദിഖ്-ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷാ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തയുടന്‍ കുഞ്ഞ് ബോധരഹിതയായെന്നും നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചെന്നുമാണ് പരാതി. കുടുംബത്തിന്റെ പരാതിയില്‍ ആര്യനാട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയായ മമലിനെതിരേയാണ് ആരോപണമുയരുന്നത്. കുട്ടിക്ക് കുറച്ച് ദിവസമായി കണ്ണിന് ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പനിയും ശ്വാസതടസവുമുണ്ടായപ്പോഴാണ് മമല്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചത്. ശ്വാസതടസത്തിന് ചികില്‍സ തേടിയ കുട്ടിക്ക് കയ്യില്‍ രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കുകയായിരുന്നു. കുത്തിവയ്പ്പിന് ശേഷം കുഞ്ഞ് ബോധരഹിതയായി. പിന്നാലെ കുട്ടിയെ ഡോക്ടര്‍മാരും നേഴ്‌സും ചേര്‍ന്ന് നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചു. എന്നാല്‍ മെഡിസിറ്റി ആശുപത്രിയിലെത്തും മുന്‍പ് 12.55ഓടെ തന്നെ കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ ഈ വിവരം പോലും തങ്ങളില്‍ നിന്ന് മറച്ചുവച്ചുവെന്നാണ് കുടുംബത്തിന്റെ ആരോപണം. കുഞ്ഞിന്റെ ബന്ധുക്കളെ ഈ ആംബുലന്‍സില്‍ കയറ്റിയില്ലെന്നും ആരോപണമുണ്ട്. കുഞ്ഞ് മെഡിസിറ്റിയില്‍ എത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മരിച്ചെന്നാണ് നെയ്യാര്‍ മെഡിസിറ്റി അധികൃതര്‍ തങ്ങളെ അറിയിച്ചതെന്നും കുടുംബം പറഞ്ഞു.

രണ്ട് കൈയിലും കുത്തിവയ്പ്പ് എടുത്തയുടന്‍ തന്നെ കുഞ്ഞ് ശ്വാസമെടുക്കാനാകാതെ പിടഞ്ഞെന്നും ചുണ്ടുകള്‍ കോടിയതായി തോന്നിയെന്നുമാണ് പിതാവ് പറഞ്ഞത്. ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആര്യനാട് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ആര്യനാട് പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സിദ്ദിഖ്-ഫൈസലത്ത് ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ഐഷ. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വന്നാലേ സംഭവിച്ചതെന്തെന്ന് വ്യക്തമാകൂ.

Next Story

RELATED STORIES

Share it