Gulf

കൊറോണ വൈറസ്: ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്

ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാല്‍ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാര്‍ക്കുണ്ടെന്നും കമ്പനി യുഎഇ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

കൊറോണ വൈറസ്: ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്
X

ദുബയ്: കൊറോണ വൈറസ് (കോവിഡ് 19) ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പടെ പടരുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന കമ്പനികള്‍ പ്രതിസന്ധിയിലേക്ക്. വിവിധ രാജ്യങ്ങള്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചതും രോഗഭീതിയാല്‍ ജനങ്ങള്‍ യാത്ര ഒഴിവാക്കുന്നതും കാരണം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണ് പല വിമാന കമ്പനികളും. ദുബയ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സ്വമേധയാ അവധിയില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാല്‍ അവധിയെടുക്കാനോ എടുക്കാതിരിക്കാനോ ഉള്ള അവകാശം ജീവനക്കാര്‍ക്കുണ്ടെന്നും കമ്പനി യുഎഇ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ദുബയ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് എയര്‍ലൈനിന്റെ മാതൃകമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പിലെ 21,000 ല്‍ അധികം ക്യാബിന്‍ ക്രൂവും 4,000 പൈലറ്റുമാരും ഉള്‍പ്പടുന്ന എല്ലാ എമിറേറ്റ്‌സ് സ്റ്റാഫുകള്‍ക്കും ആഭ്യന്തര ഇ-മെയില്‍ അടുത്തിടെ അയച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് ബാധ കൊണ്ടുണ്ടായ വെല്ലുവിളികളാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇ- മെയില്‍ സന്ദേശത്തില്‍ പറയുന്നു. ബിസിനസില്‍ മാന്ദ്യം നേരിടുന്നു. വാര്‍ഷിക അവധിയില്‍ നല്ലൊരു പങ്കും ബാക്കിയുള്ള ജീവനക്കാര്‍ ഇപ്പോള്‍ ശമ്പളത്തോടെയുള്ള അവധിയെടുക്കുന്നത് പരിഗണിക്കണം. ഓപറേഷനല്‍ വിഭാഗത്തിലല്ലാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധിയും അനുവദിക്കുന്നുണ്ട്.

സൗദി അറേബ്യ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയും ഉറാനും ഉള്‍പ്പടെയുള്ള കൊറോണ വ്യാപകമായ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് മറ്റ് പല രാജ്യങ്ങളും യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഇതുവരെ ഒരു കൊറോണ വൈറസ് ബാധ പോലും സ്ഥിരീകരിക്കാത്ത സൗദി അറേബ്യ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചു. കൊറോണയില്ലാത്ത രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിലക്കില്ലെങ്കിലും വിമാനത്താവളങ്ങളില്‍ കര്‍ശനമായ പരിശോധനയാണ് നടത്തുന്നത്.

Next Story

RELATED STORIES

Share it