Gulf

പൗരത്വ നിയമഭേദഗതി: അറബ് സമൂഹം മൗനംവെടിയണമെന്ന് കുവൈത്ത് എംപി അബ്ദുല്ല അല്‍ കന്തറി

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നീട്ടുന്ന സഹായഹസ്തങ്ങള്‍ അറബ്, ഇസ്‌ലാമിക മൂല്യങ്ങളുടെ അവിഭാജ്യഘടകമാണ്. അതിനാല്‍ മതപരമായ കടമയെന്ന നിലയില്‍ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേദ്ധഹം ആവശ്യപ്പെട്ടു.

പൗരത്വ നിയമഭേദഗതി: അറബ് സമൂഹം മൗനംവെടിയണമെന്ന് കുവൈത്ത് എംപി അബ്ദുല്ല അല്‍ കന്തറി
X

കുവൈത്ത് സിറ്റി: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ വീണ്ടും കുവൈത്ത് പാര്‍ലമെന്റ് അംഗത്തിന്റെ പ്രസ്താവന. ഇന്ത്യയിലെയും ചൈനീസ് ഉയ്ഗര്‍ മുസ്‌ലിംകളെയും സഹായിക്കുന്നതിനായി നയതന്ത്രപരവും അന്തര്‍ദേശീയവുമായ ഇടപെടല്‍ നടത്തണമെന്ന് കുവൈത്ത് സര്‍ക്കാരിനോടും പാര്‍ലമെന്റിനോടും ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമന്റ് അംഗം അബ്ദുല്ല അല്‍ കന്തറിയാണു പ്രസ്താവന പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ദേശീയ അസംബ്ലിയിലെ 27 ഓളം അംഗങ്ങള്‍ പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയില്‍ താനും ഒപ്പുവച്ചതായി അദ്ദേഹം അറിയിച്ചു.

ഇസ്‌ലാമിക ലോകവുമായി വ്യാപകമായ വാണിജ്യ, സാമ്പത്തിക ബന്ധമുള്ള ഈ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനത്തിനുനേരെ അറബ് ഇസ്‌ലാമിക സമൂഹം പാലിക്കുന്ന മൗനം തന്നെ അത്ഭുതപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഈ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായ മുസ്‌ലിം സമൂഹത്തിനു പിന്തുണ സമാഹരിക്കുന്നതിനാവശ്യമായ വിപുലമായ അന്താരാഷ്ട്രബന്ധങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കുവൈത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെയും ചൈനയിലേയും തങ്ങളുടെ മുസ്‌ലിം സഹോദരങ്ങള്‍ക്കെതിരായ അനീതിയും പീഡനവും പതിവായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സംയുക്തപ്രസ്താവന വിഷയത്തില്‍ കുവൈത്ത് ജനതയുടെ അസംതൃപ്തി പ്രതിഫലിപ്പിക്കുന്നതാണെന്നും കന്തറി പറഞ്ഞു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നീട്ടുന്ന സഹായഹസ്തങ്ങള്‍ അറബ്, ഇസ്‌ലാമിക മൂല്യങ്ങളുടെ അവിഭാജ്യഘടകമാണ്. അതിനാല്‍ മതപരമായ കടമയെന്ന നിലയില്‍ വിഷയത്തില്‍ കുവൈത്ത് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേദ്ധഹം ആവശ്യപ്പെട്ടു. അതേ സമയം, പൗരത്വ ഭേദഗതി നിയമത്തിനു അനുകൂലമായി കുവൈത്ത് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വിഷയത്തില്‍ കുവൈത്ത് ഭരണകൂടം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുപോലെ നാമനിര്‍ദേശം ചെയ്യപ്പെട്ട 15 അംഗങ്ങള്‍ അടക്കം 65 അംഗങ്ങള്‍ അടങ്ങുന്ന കുവൈത്ത് പാര്‍ലമെന്റിലെ 27 അംഗങ്ങള്‍ നിയമത്തിനെതിരേ പാര്‍ലമെന്റിനു പുറത്ത് പുറപ്പെടുവിച്ച സംയുക്തപ്രസ്താവന കുവൈത്ത് പാര്‍ലമെന്റിന്റെ നിലപാടായി പ്രചരിപ്പിക്കുന്നതും ശരിയല്ലെന്നാണു വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it