Gulf

ഫാസിസത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം;പ്രവാസി സാംസ്‌കാരിക വേദി ചര്‍ച്ചാ സംഗമം

ഫാസിസത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം;പ്രവാസി സാംസ്‌കാരിക വേദി ചര്‍ച്ചാ സംഗമം
X
ജിദ്ദ:ഫാസിസത്തിനെതിരേ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് പ്രവാസി സാംസ്‌കാരിക വേദി.'സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍' എന്ന പേരില്‍ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമത്തിലാണ് അഭിപ്രയങ്ങള്‍ ഉയര്‍ന്നു വന്നത്.

ഫാസിസത്തെ നേരിടുന്നതിനും രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരം കാണുവാനും എല്ലാവിധ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ചുകൊണ്ട്, അവരവരുടെ ആശയങ്ങളില്‍ നിന്നുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും യോജിച്ചു പോകുവാന്‍ കഴിയേണ്ടതുണ്ടെന്ന് ചര്‍ച്ചാ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലാതാക്കികൊണ്ട് പുതിയ ഒരു ഭരണ ഘടനയും, വോട്ടവകാശ നിയമങ്ങളും നടപ്പിലാക്കാനുള്ള കൊണ്ട്പിടിച്ച ശ്രമത്തിലാണ് സംഘപരിവാര്‍. അത് അത്യന്തം ഭീതിദമായ അവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കാന്‍ പോകുന്നത്. രാജ്യം തന്നെ ലോകത്തിനു മുന്നില്‍ പരിഹാസമാകുന്ന അവസ്ഥ കൂടി സംജാതമാകും. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഫാസിസത്തിന് എതിരെ നിലകൊള്ളുന്നവരാണ്. പക്ഷെ, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ചെറിയ കാര്യങ്ങളില്‍ വിഘടിച്ചു നില്‍ക്കുകയും ഫാസിസത്തിനു കുറഞ്ഞ ശതമാനം പിന്തുണയോടെ ഭരിക്കാനുള്ള വഴി എളുപ്പമാക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും,ഈ സ്ഥിതി വിശേഷം മാറേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമര കാലത്തു നാം അനുവര്‍ത്തിച്ച ഒരുമയും സ്‌നേഹവും തിരിച്ചു പിടിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്നത് മാത്രമാണ് ഫാസിസം. അതിനുള്ള ഉദാഹരണമാണ് ബീഹാറില്‍ കണ്ടത്. ആ മാതൃക രാജ്യത്തുടനീളം നടപ്പാക്കാന്‍ സാധിച്ചാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തിരിച്ചുപിടിക്കാന്‍ സാധിക്കുകയുള്ളുവെന്നും ചര്‍ച്ചയില്‍ സംസാരിച്ചവര്‍ പറഞ്ഞു.

പ്രവാസി സാംസ്‌കാരികവേദി വെസ്‌റ്റേന്‍ പ്രൊവിന്‍സ് ആക്ടിങ് പ്രസിഡന്റ് ഒമര്‍ ഫാറൂഖ് പാലോട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി വിഷയം അവതരിപ്പിച്ചു. അബൂബക്കര്‍ അരിമ്പ്ര (കെഎംസിസി ), റഫീഖ് പത്തനാപുരം (നവോദയ), ഇക്ബാല്‍ പൊക്കുന്ന് (ഒഐസിസി), ഗഫൂര്‍ കൊണ്ടോട്ടി (ഇന്ത്യന്‍ മീഡിയ ഫോറം ), ശിഹാബ് കരുവാരകുണ്ട് (അക്ഷരം വായനാവേദി ), ഗഫൂര്‍ പൂങ്ങാടന്‍ (ജെഡിസിസി ), സി എച്ച് ബഷീര്‍ (തനിമ), എഞ്ചിനീയര്‍ കുഞ്ഞി (സിജി), ഷാജു അത്താണിക്കല്‍ (ഗ്രന്ഥപ്പുര ), തസ്ലീമ അഷ്‌റഫ് (പ്രവാസി വനിതാ വിഭാഗം), ഇബ്രാഹിം ഷംനാട് (ജിദ്ദ സര്‍ഗ്ഗവേദി) എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ സിറാജ് താമരശ്ശേരി സ്വാഗതവും സെന്‍ട്രല്‍ കമ്മിറ്റി അംഗം ഓവുങ്ങല്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.


Next Story

RELATED STORIES

Share it