മോദി സര്‍ക്കാരിനെതിരേ മാര്‍ച്ച്: ഡല്‍ഹിയില്‍ കര്‍ഷകരെ പോലിസ് വളഞ്ഞിട്ടു തല്ലുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേയ്ക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിനിടെ പോലിസ് കര്‍ഷകരെ വളഞ്ഞിട്ട് തല്ലുന്നു. ഭാരതീയ കിസാന്‍ യൂണിയന്‍ മാര്‍ച്ച് ഡല്‍ഹിയിലേയ്ക്ക് കടക്കുന്നത് പോലിസ് തടഞ്ഞപ്പോള്‍ കര്‍ഷകര്‍ ട്രാക്ടര്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ പോലിസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു.ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റും പോലിസ് അഴിച്ചുവിട്ടു. മേഖലയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. 20,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച മാര്‍ച്ചില്‍ 70,000ത്തിലധികം പേരാണ് എത്തിയത്.


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കള്‍ കര്‍ഷകസമരത്തിന് പിന്തുണയുമായെത്തി.ഇവരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വിള ഇന്‍ഷൂറന്‍സ് പ്രഖ്യാപിക്കുക തുടങ്ങിയ 21 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രക്ഷോഭം.
കര്‍ഷക നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്.

RELATED STORIES

Share it
Top