കക്കി,പമ്പാ,മൂഴിയാര്‍ ഡാമുകള്‍ ഉച്ചയ്ക്ക് തുറക്കും: ആശങ്ക വേണ്ട,മുന്‍കരുതല്‍ നടപടിയെന്ന് കലക്ടര്‍

പത്തനംതിട്ട: കനത്തമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കക്കി ആനത്തോട് ഡാമിന്റെ നാലു ഷട്ടറുകളും പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ തുറക്കും. കക്കി ആനത്തോടിന്റെയും പമ്പാ ഡാമിന്റെയും ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ ആയിരിക്കും തുറക്കുക.ഇതുമൂലം പമ്പാ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരങ്ങളില്‍ താമസിക്കുന്നവരും പമ്പാ ത്രിവേണിയില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നും മുന്‍ കരുതല്‍ എന്ന നിലയിലാണ് ഡാമുകള്‍ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂഴിയാര്‍ ഡാം തുറക്കുന്നതു മൂലം മൂഴിയാര്‍, ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ഒഴുകുന്ന കക്കാട്ടാറിലെ ജല നിരപ്പ് ഉയരാന്‍ ഇടയുണ്ട്. ഷട്ടറുകള്‍ ഉയര്‍ത്തുമ്പോള്‍ കക്കി ആനത്തോട് ഡാമില്‍ നിന്ന്് ഏകദേശം 150 ഉം പമ്പാ ഡാമില്‍ നിന്ന് 100 ഉം മൂഴിയാര്‍ ഡാമില്‍ നിന്ന് 10 മുതല്‍ 50 ക്യുമെക്‌സ് ജലവുമായിരിക്കും പുറത്തേക്ക് ഒഴുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

RELATED STORIES

Share it
Top