കോള്‍ മേഖലയില്‍ തുമ്പിനടത്തം പൂര്‍ത്തിയായി; 21 ഇനം തുമ്പികളെ തിരിച്ചറിഞ്ഞു

പൊന്നാനി: കോള്‍ മേഖലയി ല്‍ തുമ്പി സര്‍വേയുടെ മുന്നോടിയായുള്ള തുമ്പിനടത്തം പൂര്‍ത്തിയായി. കോള്‍ പാടങ്ങളിലെ തുമ്പികളെക്കുറിച്ചുള്ള അന്വേഷണമായ തുമ്പിനടത്തത്തില്‍ ആയിരക്കണക്കിനു ചങ്ങാതിത്തുമ്പികളും തുലാതുമ്പികളും കുഞ്ഞല്‍ ഈര്‍ക്കിളിത്തുമ്പികളുമടക്കം 21 ഇനങ്ങളെ തിരിച്ചറിയാനായതായി തുമ്പി നിരീക്ഷകന്‍ റെയ്‌സണ്‍ തുമ്പൂര്‍ പറഞ്ഞു.
കേരളത്തില്‍ കാണപ്പെടുന്നതില്‍ ഏറ്റവും വലുപ്പം കുറഞ്ഞ തുമ്പിവര്‍ഗമായ പത്തിപ്പുല്‍ച്ചിന്നന്‍ തുമ്പികളുടെ 20 ഓളം വരുന്ന കൂട്ടങ്ങളും നാലു വര്‍ഷം മുമ്പ് പൊതുവെ റിപോ ര്‍ട്ട് ചെയ്യാതിരുന്ന ചുട്ടിനിലത്തനെയും യഥേഷ്ടം കോള്‍ പാടങ്ങളില്‍ കണ്ടെത്തി. വിശദമായ തുമ്പി സര്‍വേ 21ന് തുടങ്ങും. കാര്‍ഷിക സര്‍വകലാശാല, ഡ്രാഗണ്‍ ഫ്‌ളൈസ് ഓഫ് കേരള കൂട്ടായ്മ, കോള്‍ ബേര്‍ഡേഴ്‌സ് എന്നിവയുടെ നേതൃത്വത്തില്‍ 50ഓളം നിരീക്ഷകരും ഗവേഷകരുമടങ്ങുന്ന സംഘമാണ് തൊമ്മാന മുതല്‍ പൊന്നാനി വരെയുള്ള കോള്‍ മേഖലകളില്‍ നിരീക്ഷണത്തിനിറങ്ങുക. കോള്‍ മേഖലയിലെ മുഴുവന്‍ തുമ്പിയിനങ്ങളെയും തിരിച്ചറിയുകയാണ് ലക്ഷ്യം. അഞ്ചുപേരടങ്ങുന്ന സംഘമായി തിരിഞ്ഞ് ഓരോ മേഖലയിലും നാലു മണിക്കൂര്‍ വീതമാണ് നിരീക്ഷണം. 12 ബേസ് ക്യാംപുകളായി നിരീക്ഷണ മേഖലകളെ തരംതിരിച്ചിട്ടുണ്ട്.
ചങ്ങാതിത്തുമ്പി, സ്വാമിത്തുമ്പി, നാട്ടുകടുവ, ഓണത്തുമ്പി, നാട്ടുപൂത്താലി, പത്തിപ്പു ല്‍ച്ചിന്നന്‍, നാട്ടുപുല്‍ച്ചിന്നന്‍, തുലാത്തുമ്പി, മകുടിവാലന്‍ തുമ്പി, വയല്‍ത്തുമ്പി, ചുട്ടിനിലത്തന്‍, തവിട്ടുവെണ്ണിറാന്‍, കാറ്റാടിത്തുമ്പി, ചെറുവെണ്ണീറന്‍, പച്ചവയലി, പാണ്ടന്‍വയ ല്‍ തെയ്യന്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തിയ പ്രധാനയിനം തുമ്പികള്‍. കോള്‍ മേഖലയിലെ പക്ഷിനിരീക്ഷകരുടെ കൂട്ടായ്മയായ കോള്‍ ബേര്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ തന്നെയാണ് തുമ്പിനടത്തവും സംഘടിപ്പിച്ചത്.
തുമ്പികളുടെ സാന്ദ്രത, ഏതൊക്കെ ഇനങ്ങളുണ്ടെന്നു തിരിച്ചറിയല്‍, മലിനീകരണം തുമ്പികളുടെ ആവാസ വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ തുടങ്ങിയവ കണ്ടെത്തുകയാണ് തുമ്പിനടത്തത്തിന്റെ ലക്ഷ്യം.
റെയ്‌സണ്‍ തുമ്പൂര്‍, കെ സി രവീന്ദ്രന്‍, മനോജ് കരിങ്ങാമഠത്തില്‍, പി കെ സിജി, കെ ബി നിധീഷ്, ആദില്‍ നഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് നിരീക്ഷണത്തിനിറങ്ങിയത്. 150ല്‍പ്പരം തുമ്പി വൈവിധ്യങ്ങള്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it