അവസാന 10 മിനിറ്റില്‍ നാടകീയമായി ജയിച്ചു കയറി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്


ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഗോള്‍ രഹിതമായി നിന്ന ആദ്യ 80 മിനിറ്റുകള്‍ക്ക് ശേഷമാണ് നോര്‍ത്ത് ഈസ്റ്റിന്റെ രണ്ട് ഗോളും പിറന്നത്. ഉറുഗ്വേ താരം ഫെഡേറിക്കോ ഗല്ലേഗോ (82), ഒബേച്ചേ (93) എന്നിവരാണ് വടക്കന്‍ ക്ലബിനായി വലകുലുക്കിയത്. ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. അഞ്ച് കളിയില്‍ നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. 10 പോയിന്റുമായി ഗോവയാണ് രണ്ടാം സ്താനത്ത്. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിട്ട ഡെല്‍ഹിക്ക് നിരവധി തവണ മികച്ച അവസരങ്ങള്‍ ലഭിച്ചു. മറുവശത്ത് വടക്കുകിഴക്കരും മോശമാക്കിയില്ല. ഇത്തവണത്തെ കറുത്ത കുതിരകള്‍ തങ്ങളുടെ പേരിന് യോജിക്കുംവിധം തന്നെ കളിച്ചു. എന്നാല്‍ ഫിനിഷിംഗിലെ പിഴവുകളാണ് അവര്‍ക്ക് വിനയായത്.
രണ്ടാം പകുതിയിലും ഇരുകൂട്ടരും ഗോളിനായി ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ആര്‍ക്കും വലകുലുക്കാനായില്ല. സമനില ഉറപ്പിച്ച നിമഷത്തിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ വരുന്നത്. ഉറുഗ്വെ താരം ഫെഡേറിക്കോ ഗല്ലേഗോയാണ് വലകുലുക്കിയത്. അവസാന നിമിഷത്തെ ഗോളില്‍ ഡെല്‍ഹി ഉലഞ്ഞു. മറ്റൊരു സമനിലയോടെ കളംവിടാമെന്ന അവരുടെ മോഹങ്ങള്‍ പൊലിച്ച് ഒബേച്ചേ അധികസമയത്ത് രണ്ടാം ഗോളും നേടി.

RELATED STORIES

Share it
Top