നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല; ഹാദിയ കേസ് എന്‍ഐഎ അവസാനിപ്പിച്ചുന്യൂഡല്‍ഹി: കോട്ടയം വൈക്കം സ്വദേശിനി ഡോ. ഹാദിയ ഇസ്‌ലാം മതം സ്വീകരിച്ച സംഭവത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഇല്ലെന്ന് ഒടുവില്‍ എന്‍ഐഎയും സ്ഥിരീകരിച്ചു. ദേശീയ തലത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അവസാനിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ അവസാനിപ്പിച്ചത്. ഷെഫിന്‍- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി.

ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് വിധേയമാക്കിയത്. അന്വേഷണത്തില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താനായില്ല.

ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രിംകോടതി അംഗീകരിച്ചതും, എന്‍ഐഎക്ക് തിരിച്ചടിയായിരുന്നു. ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ - ഷെഫിന്‍ വിവാഹം റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്വന്തം ഇഷ്ടപ്രകാരം പ്രായപൂര്‍ത്തിയെത്തിയ യുവാവും യുവതിയും വിവാഹം ചെയ്ത നടപടിയില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

ഇരുവരുടെയും വിവാഹ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമുണ്ടെന്നത് സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടും എന്‍ഐഎ അന്വേഷണം തുടരാമെന്നുമായിരുന്നു സുപ്രിം കോടതി വിധി. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാമിലേക്ക് വന്നതെന്ന് ഹാദിയ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top