World

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജയത്തിനരികെ ബൈഡന്‍; ഇനി വേണ്ടത് ആറ് ഇലക്ടറല്‍ വോട്ടുകള്‍

538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക. ട്രംപിന് 214 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജയത്തിനരികെ ബൈഡന്‍; ഇനി വേണ്ടത് ആറ് ഇലക്ടറല്‍ വോട്ടുകള്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനെ പിന്തള്ളി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 264 ഇലക്ടറല്‍ വോട്ട് സ്വന്തമാക്കി ജോ ബൈഡന്‍ ജയത്തിനരികെയാണെന്ന് അല്‍ജസീറ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആറ് ഇലക്ടറല്‍ വോട്ടുകള്‍കൂടി ലഭിച്ചാല്‍ ബൈഡന് വിജയിക്കാനാവും. 538 അംഗങ്ങളുള്ള ഇലക്ടറല്‍ കോളജിലെ 270 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്നയാളാണ് പ്രസിഡന്റ് ആവുക.

ട്രംപിന് 214 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നിലവില്‍ ഫലം വരാനുള്ള സംസ്ഥാനങ്ങളിലെ ലീഡ് നില കൂടി വച്ചുനോക്കുമ്പോള്‍ ട്രംപിന് 268 ഇലക്ടറല്‍ വോട്ടുണ്ട്. ആറ് ഇലക്ടറല്‍ കോളജ് സീറ്റുകളുള്ള നെവാഡയുടെ ഫലം അനുകൂലമായാല്‍ ബൈഡന് വൈറ്റ് ഹൗസിലെത്താം. നെവാഡയില്‍ ബൈഡന്‍ മുന്നേറുകയാണ്. അതേസമയം, പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്. അതേസമയം, ബൈഡന്‍ ഈയടുത്ത് വിജയം അവകാശപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

തട്ടിപ്പിന് നിരവധി തെളിവുകളുണ്ടെന്നും തട്ടിപ്പ് നിര്‍ത്തൂവെന്നും ട്രംപ് ട്വീറ്റില്‍ ആവശ്യപ്പെടുന്നു. ജോര്‍ജിയ (16), നോര്‍ത്ത് കാരലൈന (15), പെന്‍സില്‍വേനിയ (20), അലാസ്‌ക (3) എന്നിവിടങ്ങളിലാണ് ട്രംപ് മുന്നില്‍. ഇവയെല്ലാം ജയിച്ചാലും ലഭിക്കുക 268 വോട്ട്. ഈ സാഹചര്യത്തിലാണ് നെവാഡയിലെ ഫലം നിര്‍ണായകമാവുന്നത്. ലീഡ്നില മാറിമറിയുന്ന ജോര്‍ജിയയും അന്തിമഫലത്തില്‍ നിര്‍ണായകമാവും. അതേസമയം, സിഎന്‍എന്‍ പോലുള്ള ചാനലുകള്‍ ബൈഡന് 253 വോട്ടുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

വോട്ടെണ്ണല്‍ തുടരുന്ന അരിസോണയിലെ 11 വോട്ടുകള്‍ ഒഴിവാക്കിയതിനാലാണിത്. 2016ല്‍ ട്രംപിന് ഒപ്പം നിന്ന് വിസ്‌കോന്‍സിനും മിഷിഗണ്ണും ഇക്കുറി ബൈഡന്‍ നേടി. വിസ്‌കോന്‍സിനില്‍ വീണ്ടും വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സുപ്രിംകോടതിയെ സമീപിച്ചു. സമീപകാലത്ത് അമേരിക്ക കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. ജോര്‍ജിയ, നെവാഡ, അരിസോണ, നോര്‍ത്ത് കാരലീന, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്. അരിസോണയിലും നെവാഡയിലും ബൈഡനാണ് മുന്നിട്ടുനില്‍ക്കുന്നത്. അതേസമയം ജോര്‍ജിയ, നോര്‍ത്ത് കാരലീന എന്നിവിടങ്ങളില്‍ ട്രംപും ലീഡ് ചെയ്യുന്നു.

Next Story

RELATED STORIES

Share it