World

ട്രംപിന് തിരിച്ചടി; ടിക് ടോക് നിരോധനത്തിന് യുഎസ് കോടതിയുടെ സ്റ്റേ

ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വാഷിങ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

ട്രംപിന് തിരിച്ചടി; ടിക് ടോക് നിരോധനത്തിന് യുഎസ് കോടതിയുടെ സ്റ്റേ
X

വാഷിങ്ടണ്‍: അമേരിക്കയില്‍ ജനപ്രിയ ആപ്ലിക്കേഷന്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് കോടതി സ്റ്റേ ചെയ്തു. ദേശീയസുരക്ഷയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനമാണ് സ്റ്റേ ചെയ്തത്. ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വാഷിങ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സാണ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്.

ടിക് ടോക്കിന്റെ ഹരജി പരിഗണിച്ചായിരുന്നു കോടതി നടപടി. ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരേ നടപടിയെടുത്തത്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരുന്നു.

ചൈനീസ് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനെ ട്രംപ് നിരോധിച്ചത് സംബന്ധിച്ച് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും ദേശീയ സുരക്ഷയെക്കുറിച്ചുമുള്ള വിഷയങ്ങളില്‍ ജഡ്ജി നിക്കോളാസ് വിശദമായ വാദം കേട്ടു. ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഉപയോഗിക്കുന്ന ഒരു പൊതുവേദിക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ശിക്ഷാര്‍ഹമാണെന്ന് ടിക്ക് ടോക്ക് അഭിഭാഷകന്‍ ജോണ്‍ ഹാള്‍ പറഞ്ഞു. ദേശീയ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റിന് അവകാശമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

Next Story

RELATED STORIES

Share it