World

ബിന്‍ അലി; അറബ് വസന്തത്തിലേക്ക് വഴി തുറന്ന ഏകാധിപത്യം

സീദി ബൗസിദിലെ ഒരു പച്ചക്കറിക്കച്ചവടക്കാരനായിരുന്നു ആ ഏകാധിപതിയുടെ ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് തിരികൊളുത്തിയത്. തന്റെ ചുമട്ടുവണ്ടി പോലിസ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം തെരുവില്‍ സ്വയം തീക്കൊളുത്തുകയായിരുന്നു. 2010 ഡിസംബറിലായിരുന്നു അത്.

ബിന്‍ അലി; അറബ് വസന്തത്തിലേക്ക് വഴി തുറന്ന ഏകാധിപത്യം
X

തൂണീസ്: മുന്‍ സുരക്ഷാ മേധാവിയായിരുന്ന സെയ്‌നുല്‍ ആബിദീന്‍ ബിന്‍ അലിയുടെ 23 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണമാണ് അറബ് വസന്തത്തിന് പ്രചോദനമായ ജനകീയ പ്രക്ഷോഭത്തിന് വഴിതുറന്നത്. 1987ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹബീബ് ബുര്‍ഗിബയ്ക്ക് ഭരണം കൈകാര്യം ചെയ്യാനുള്ള ആരോഗ്യമില്ലെന്ന് വിധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബിന്‍ അലി പ്രസിഡന്റ് പദവിയിലെത്തിയത്.

ഭരണകൂട വിമര്‍ശനത്തെ മുഴുവന്‍ അടിച്ചമര്‍ത്തിയ അദ്ദേഹം സാമ്പത്തിക മേഖലയില്‍ തുറന്ന സമീപനമാണ് സ്വീകരിച്ചത്. അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ വളര്‍ച്ചയിലേക്കു നയിച്ചെങ്കിലും അസന്തുലിതത്വവും അഴിമതിയും മറുവശത്ത് വളര്‍ന്നുവന്നു. രാജ്യത്തിന്റെ സമ്പത്തില്‍ വലിയൊരു ഭാഗം ബിന്‍ അലിയുടെ കുടുംബക്കാര്‍ കൈയടക്കിവച്ചു.

ബിന്‍ അലിയുടെ കാലത്ത് എല്ലാ ഷോപ്പുകളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ ഓഫിസികളിലും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മെഡിറ്ററേനിയന്‍ തീരത്തെ ബീച്ച് റിസോര്‍ട്ടുകള്‍ മുതല്‍ ദരിദ്ര ഗ്രാമങ്ങളും മലഞ്ചെരുവിലെ ഖനി നഗരങ്ങളിലും വരെ അദ്ദേഹത്തിന്റെ കൂറ്റന്‍ ചിത്രങ്ങള്‍ നിറഞ്ഞു നിന്നു.

തന്റെ ഭരണകാലത്ത് ഏതാനും തവണ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. എല്ലാ തവണയും 99 ശതമാനത്തിലേറെ വോട്ട് നേടി അധികാരത്തില്‍ തിരിച്ചെത്തി. കാര്യമായ വെല്ലുവിളികളൊന്നുമില്ലാതെ കടന്നു പോയ അദ്ദേഹത്തിന്റെ ഭരണം തിരിച്ചടി നേരിട്ടത് അപ്രതീക്ഷിതമായായിരുന്നു.

സീദി ബൗസിദിലെ ഒരു പച്ചക്കറിക്കച്ചവടക്കാരനായിരുന്നു ആ ഏകാധിപതിയുടെ ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് തിരികൊളുത്തിയത്. തന്റെ ചുമട്ടുവണ്ടി പോലിസ് പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം തെരുവില്‍ സ്വയം തീക്കൊളുത്തുകയായിരുന്നു. 2010 ഡിസംബറിലായിരുന്നു അത്.

പതിനായിരക്കണക്കിന് ആളുകളാണ് മുഹമ്മദ് ബൂഅസീസിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. ആഴ്ച്ചകള്‍ നീണ്ട പ്രക്ഷോഭത്തിനും ബിന്‍ അലിയുടെ പതനത്തിലേക്കു നയിച്ച വിപ്ലവത്തിനും തുടക്കമിട്ടത് ആ സംഭവമായിരുന്നു.

ജനകീയ പ്രതിഷേധത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ 2011 ജനുവരിയില്‍ ബിന്‍ അലിയും കുടുംബവും സൗദിയിലേക്ക് വിമാനം കയറി. എക്കാലത്തും ജനകീയ വിപ്ലവത്തെ ഭയപ്പെട്ടിരുന്ന സൗദി അദ്ദേഹത്തിന് അഭയം നല്‍കി.

1956ല്‍ ബുര്‍ഗിബയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്ന് തൂണീസ്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ സൈനികനായിരുന്നു ബിന്‍ അലി. 1964ല്‍ സുരക്ഷാ സൈന്യത്തിന്റെ മേധാവിയായി. 1977 മുതല്‍ ദേശീയ സുരക്ഷാ സേനയുടെ തലപ്പത്തെത്തി. തുടര്‍ന്ന് പോളണ്ടില്‍ അംബാസഡറായി നിയമിതനായെങ്കിലും 1984ല്‍ റൊട്ടിവില വര്‍ധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ബുര്‍ഗിബ അദ്ദേഹത്തെ സൈന്യത്തിലേക്ക് തിരിച്ചുവിളിച്ചു. 1986ല്‍ ആഭ്യന്തര മന്ത്രിപദവിയിലേക്കും 1987ല്‍ പ്രധാനമന്ത്രിപദവിയിലേക്കുമുള്ള ബിന്‍ അലിയുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കേവലം മൂന്നാഴ്ച്ചയ്ക്കകം ബിന്‍ അലി പരമാധികാരിയായി മാറുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഒരു സംഘം ബുര്‍ഗിബയ്ക്ക് ഭരിക്കാനുള്ള ആരോഗ്യമില്ലെന്ന് വിധിക്കുകയും ബിന്‍ അലി ആ സ്ഥാനത്തേക്ക് കയറിവരികയുമായിരുന്നു.

Next Story

RELATED STORIES

Share it