World

ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്

ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അധിക്ഷേപിച്ച് ട്രംപ്
X

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച ഇന്ത്യന്‍ വംശജന്‍ സൊഹ്‌റാന്‍ മംദാനിയെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധിക്ഷേപിച്ചു. 'നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നാണ് മംദാനിയെ ട്രംപ് വിളിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന നേതാക്കളെയും ട്രംപ് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കാണാന്‍ ഭയാനകനായ മംദാനിയുടെ ശബ്ദം അരോചകമാണ് എന്നാണ് ട്രംപ് അധിക്ഷേപിച്ചത്.

'ഒടുവില്‍ അത് സംഭവിച്ചു. ഡെമോക്രാറ്റുകള്‍ പരിധി ലംഘിച്ചു. നൂറ് ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയര്‍ പദവിയിലേക്ക് അടുക്കുകയാണ്. നേരത്തെ നമുക്ക് പുരോഗമന ഇടതുപക്ഷക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് കുറച്ച് പരിഹാസ്യമാണ്, കാണാന്‍ ഭയാനകവും ശബ്ദം പരിക്കവുമാണ്. ബുദ്ധിമാനല്ല. മണ്ടന്മാരെല്ലാം അവനെ പിന്തുണയ്ക്കുന്നു. മംദാനിക്ക് മുന്നില്‍ സെനറ്റര്‍ ചക്ക് ഷുമര്‍ കുമ്പിടുകയാണ്' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പ്രസിഡന്റ് ട്രംപ് അമേരിക്കന്‍ ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നമാണെന്ന് പറഞ്ഞ മുപ്പത്തിമൂന്നുകാരനായ സൊഹ്‌റാന്‍ മംദാനി ഇതിനോടകം സ്വീകരിച്ച നിലപാടുകളാണ് ട്രംപിനെ ഇത്രമേല്‍ ചൊടിപ്പിക്കുന്നതും അയാളെ അതിക്രൂരമായി അധിക്ഷേപ്പിക്കാനുള്ള കാരണവും. ഫലസ്തീന്‍ അനുകൂലിയായ സോഷ്യലിസ്റ്റ് നേതാവായി സ്വയം വിശേഷിപ്പിക്കുന്ന മംദാനി ട്രംപിന്റെ കണ്ണിലെ കരടാണ്.

ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണറുമായ ആന്‍ഡ്രൂ കുമോയെ പരാജയപ്പെടുത്തിയാണ് സൊഹ്‌റാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നവംബറില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ആദ്യത്തെ മുസ് ലിം മേയറായിരിക്കും മംദാനി. നിലവില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലിയില്‍ ബോര്‍ ഓഫ് ക്യൂന്‍സിനെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയാണ് മംദാനി. ന്യൂയോര്‍ക്ക് നിവാസികളുടെ വാടക മരവിപ്പിച്ചതുള്‍പ്പെടെ സൗജന്യ ബസ് യാത്രാ സൗകര്യം, ആഗോള ശിശുക്ഷേമം അടക്കം മംദാനിയുടെ നയങ്ങള്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.


ഇന്ത്യന്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഇന്ത്യയില്‍ ജനിച്ച ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി.സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ സിനിമകളുടെ സംവിധായികയാണ് ഓസ്‌കര്‍ നോമിനി കൂടിയായ മീര നായര്‍. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് മംദാനി ജനിച്ചതും തന്റെ കുട്ടിക്കാലം ചെലവഴിച്ചതും. അദ്ദേഹത്തിന്റെ ഏഴാമത്തെ വയസ്സിലാണ് മംദാനി കുടുംബം ന്യൂയോര്‍ക്കിലേക്ക് കുടിയേറുന്നത്. 2018ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. പിന്നീട് സിറിയന്‍ കലാകാരിയായ റാമ ദുവാജിയുമായി വിവാഹം നടന്നു.








Next Story

RELATED STORIES

Share it