World

മതപരമായ പ്രകോപനവുമായി ഇസ്രായേല്‍; ഫലസ്തീനികളുടെ റമദാന്‍ സംഘര്‍ഷ ഭരിതമാക്കാന്‍ നീക്കം

ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ചെയ്തികള്‍ റമദാനെ സുരക്ഷാ പിരിമുറുക്കങ്ങളിലേക്ക് നയിക്കുമെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഫോറങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

മതപരമായ പ്രകോപനവുമായി ഇസ്രായേല്‍; ഫലസ്തീനികളുടെ റമദാന്‍ സംഘര്‍ഷ ഭരിതമാക്കാന്‍ നീക്കം
X

റാമല്ല: ഫലസ്തീനികള്‍ക്കെതിരായ മതപരമായ പ്രകോപനനീക്കങ്ങളും അധിനിവേശ ജറുസലേമില്‍ സയണിസ്റ്റ് സൈന്യം അതിക്രമങ്ങള്‍ ശക്തമാക്കിയതും ഫലസ്തീനികളുടെ റമദാന്‍ സംഘര്‍ഷ ഭരിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് റിപോര്‍ട്ടുകള്‍. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ ചെയ്തികള്‍ റമദാനെ സുരക്ഷാ പിരിമുറുക്കങ്ങളിലേക്ക് നയിക്കുമെന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഫോറങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കിഴക്കന്‍ ജറുസലേമില്‍, പ്രത്യേകിച്ച് ബാബുല്‍ അമൂദ് പ്രദേശത്ത്, അനധികൃത കുടിയേറ്റക്കാരുടെയും അധിനിവേശ സൈന്യത്തിന്റേയും അതിക്രമങ്ങള്‍ക്കെതിരേ ഫലസ്തീന്‍ യുവാക്കള്‍ ശക്തമായ ചെറുത്തുനില്‍പ്പുമായി മുന്നോട്ട് വന്ന പശ്ചാത്തലവും ഇസ്രായേല്‍ രഹസ്യാന്വേഷണ ഫോറങ്ങള്‍ നിരീക്ഷണ വിധേയമാക്കിയിട്ടുണ്ട്.

ഇസ്‌റാഅ്, മിഅ്‌റാജ് തുടങ്ങിയ മതപരമായ സംഭവങ്ങളോടനുബന്ധിച്ചായിരുന്നു ഫലസ്തീനികളുടെ ശക്തമായ പ്രതികരണമുണ്ടായത്. താമസിയാതെ റമദാന്‍ മാസത്തോടുനുബന്ധിച്ചും ശക്തമായ പ്രതിരോധവുമായി ഫലസ്തീനികള്‍ മുന്നോട്ട് വരുമെന്ന് തന്നെയാണ് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നത്. 2021ലെ യുദ്ധത്തില്‍നിന്നു ഇസ്രായേല്‍ പാഠങ്ങളൊന്നും പഠിച്ചില്ലെന്നതാണ് കുടിയേറ്റക്കാരെ വിട്ട് ഫലസ്തീനികളെ പ്രകോപിക്കുന്നതിലൂടെ വ്യക്തമാവുന്നത്.


അല്‍ അഖ്‌സ മസ്ജിദിനെ ചുറ്റിപ്പറ്റിയാണ് അടുത്തിടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുടലെടുത്തത്. അധിനിവേശ സൈന്യം ഈ പോയിന്റുകളിലെ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഷെയ്ഖ് ജര്‍റാഹ്, സില്‍വാന്‍, പഴയ നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും സംഘര്‍ഷ സാധ്യത ഏറെയുള്ള ഇടങ്ങളാണ്. ഇവിടെ കുടിയേറ്റക്കാരെ അഴിഞ്ഞാടാന്‍ അനുവദിക്കുന്നതിലൂടെ അധിനിവേശ സൈന്യം സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.

റമദാനോടുബന്ധിച്ച് വരുന്ന നക്ബ, ദീര്‍ യാസിന്‍ കൂട്ടക്കൊല എന്നിവയെ അനുസ്മരിക്കുന്ന ഫലസ്തീന്‍ ദേശീയ അവസരങ്ങളില്‍ സംഘര്‍ഷം അതിന്റെ പാരമ്യതയിലെത്തുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തലിലുണ്ടായ വര്‍ധന പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. അതേസമയം, നിലവിലുള്ള പിരിമുറുക്കം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത് തടയാന്‍ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. തല്‍ഫലമായി, കഴിഞ്ഞ വര്‍ഷം സംഭവിച്ചത് ആവര്‍ത്തിക്കാം.

അല്‍അഖ്‌സ മസ്ജിദുമായി ബന്ധപ്പെട്ട സുരക്ഷാ പിരിമുറുക്കങ്ങള്‍ക്ക് പുറമേ, ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ജറുസലേമില്‍ നിന്ന് ഫലസ്തീനികളെ പുറത്താക്കുന്നതിനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായി തങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്ന ഇസ്രായേലി അധികാരികള്‍ തങ്ങള്‍ക്കെതിരേ കടുത്ത വംശീയ വിവേചനമാണ് നടത്തുന്നതെന്നും ജറുസലേമുകാര്‍ പരാതിപ്പെടുന്നു.

എല്ലാ വെള്ളിയാഴ്ചയും അല്‍അഖ്‌സ മസ്ജിദില്‍ നടക്കുന്ന ഒരു പ്രതിവാര പരിപാടിയില്‍ പങ്കെടുക്കാന്‍ 1948ലെ ജറുസലേമുകാര്‍, വെസ്റ്റ് ബാങ്കിലെ നിവാസികള്‍, ഫലസ്തീനികള്‍ എന്നിവരെ സോഷ്യല്‍ മീഡിയ വഴി വിളിച്ചിരുന്ന 'ബിഗ് ഡോണ്‍' കാമ്പെയ്‌നിനെക്കുറിച്ച് ഇസ്രായേലി സുരക്ഷാ കമ്മ്യൂണിറ്റികള്‍ ആശങ്കാകുലരാണ്.

ഒരു വശത്ത് അല്‍അഖ്‌സ മസ്ജിദിലെ ഫലസ്തീന്‍ സാന്നിധ്യം ശക്തിപ്പെടുത്തുകയും മറുവശത്ത് അതിന്റെ മേല്‍ പരമാധികാരം അവകാശപ്പെടുന്ന ഇസ്രായേല്‍ അധിനിവേശത്തെ വെല്ലുവിളിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണങ്ങളുടെ ലക്ഷ്യമെന്ന് അധിനിവേശത്തിന് നന്നായി അറിയാം.

അതിനാല്‍, ഫലസ്തീനികളെ സംബന്ധിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അല്‍ അഖ്‌സ എല്ലായ്‌പ്പോഴും മുന്‍നിരയില്‍ ഇടംപിടിച്ചിട്ടുണ്ട്. അല്‍അഖ്‌സ മസ്ജിദിലെ ഏതെങ്കിലും സുരക്ഷാ വര്‍ദ്ധനവ് വെസ്റ്റ് ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലും ജറുസലേമിലും ഗസാ മുനമ്പിലും ഒരു പുതിയ ഇന്‍തിഫാദയ്ക്ക് കാരണമാകുമെന്ന് ഇസ്രായേലിന് നന്നായറിയാം. ഗാസ യുദ്ധത്തിലേക്ക് നയിച്ച 2021 റമദാനിലെ സംഭവങ്ങള്‍ പലസ്തീന്‍ പൊതുജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു, ഇത് ഇസ്രായേല്‍ അധിനിവേശത്തിനെതിരായ വലിയ വിജയമായി അവര്‍ കണക്കാക്കുന്നു എന്നതാണ് ഇസ്രായേലിന്റെ നിഗമനം.

അധിനിവേശ ജറുസലേമിലെ ബാബുല്‍ അമൂദിനെ ഇസ്രായേല്‍ എപ്പോഴും സംഘര്‍ഷ ഭരിതമായി നിലനിര്‍ത്തുകയാണ്. ഇസ്രായേലിന്റെ തുടര്‍ച്ചയായ നിയമലംഘനങ്ങള്‍, കുടിയേറ്റക്കാരുടെ കുറ്റകൃത്യങ്ങള്‍, വിശുദ്ധ നഗരത്തിന്റെ വിവിധ സ്ഥലങ്ങള്‍ ജൂതവല്‍ക്കരിക്കാനുള്ള 'ടെമ്പിള്‍ മൂവ്‌മെന്റുകള്‍' എന്നിവയാണ് പ്രദേശത്തെ സംഘര്‍ഷ ഭരിതമാക്കുന്നത്. ഇതിനെതിരേ സംഘടിക്കുന്ന ഫല്‌സ്തീനികള്‍ക്കെതിരേ കടുത്ത അതിക്രമം അഴിച്ചുവിടാനും ഇസ്രായേല്‍ അധികൃതര്‍ മടിക്കുന്നില്ല.

ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ ഇസ്‌റാഅും മിറാജും ആഘോഷിച്ചപ്പോള്‍, ഈ ദിവസത്തിന്റെ സ്മരണയ്ക്കായി അധിനിവേശ ഫലസ്തീന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഫലസ്തീനികള്‍ കിഴക്കന്‍ ജറുസലേമിലേക്ക് എത്തിയിരുന്നു. എന്നാല്‍, അവരുടെ മതപരമായ ചടങ്ങുകള്‍ തടയുന്നതിന് ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം അഴിച്ചുവിട്ടതോടെ ബാബുല്‍ അമൂദ് യുദ്ധക്കളമായി മാറിയിരുന്നു.

ബാബുല്‍അമൂദില്‍ അധിനിവേശ പോലിസിനെയും അതിര്‍ത്തി കാവല്‍ക്കാരെയും വിന്യസിച്ചാണ് മതപരമായ ചടങ്ങ് ആഘോഷിക്കുന്നതിനായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ തടഞ്ഞത്.ഇസ്രായേല്‍ സൈനികര്‍ ബാറ്റണുകളും ശബ്ദ ബോംബുകളും ഉപയോഗിച്ചു. പരിക്കേറ്റ പതിനൊന്നുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തകര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ബാബുല്‍അമൂദ് അനുഭവിക്കുന്ന ഏകപക്ഷീയമായ ഇസ്രായേല്‍ അതിക്രമങ്ങള്‍ വന്‍ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.അവസാന ഗസ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള ആദ്യ നിമിഷങ്ങളില്‍, പല സിവില്‍, മനുഷ്യാവകാശ സംഘടനകളും അത്തരം നടപടികളുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും, അധിനിവേശ സേന ഈ മുന്നറിയിപ്പുകളെ അവഗണിക്കുകയായിരുന്നു. പിന്നീട് അത് ഗസ യുദ്ധമായി മാറുകയായിരുന്നു.

Next Story

RELATED STORIES

Share it