World

വിലക്കയറ്റത്തിന് സാധ്യത; സൂയസ് കനാലിലെ ഗതാഗത തടസം വ്യാപാര മേഖലയെ ബാധിച്ചു തുടങ്ങി

സൂയസ് കനാലിലെ ഗതാഗത തടസം കാരണം ബാരലിന് 64 ഡോളറിനു മുകളിലേക്കു കയറിയ ക്രൂഡ് ഓയിൽ വില ഇന്നലെ 61 ഡോളറിലേക്കു താഴ്ന്നിരുന്നു. എന്നാൽ കനാൽ ഉടനെ തുറക്കില്ലെന്നായതോടെ വില 62.64 ഡോളറിലേക്കുയർന്നു.

വിലക്കയറ്റത്തിന് സാധ്യത; സൂയസ് കനാലിലെ ഗതാഗത തടസം വ്യാപാര മേഖലയെ ബാധിച്ചു തുടങ്ങി
X

കെയ്‌റോ: സൂയസ് കനാലിലെ ഗതാഗത തടസം ഇന്ത്യൻ വ്യാപാര മേഖലയെ ബാധിച്ചു തുടങ്ങിതായി വ്യാപാര സംഘടനകൾ. സൂയസ് പ്രശ്‌നത്തെ തുടർന്ന് യൂറോപ്പ്, നോർത്ത് അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നി സ്ഥലങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്ത തുണികൾ, മരുന്നുകൾ, ഫർണിച്ചറുകൾ, യന്ത്ര സാമഗ്രഹികൾ, ഓട്ടോ മൊബൈൽ ഭാഗങ്ങൾ എന്നിവ ഗതാഗത കൂരുക്കിൽപെട്ടു കിടക്കുകയാണ്.

സൂയസ് കനാലിലെ ഗതാഗത തടസം കാരണം ബാരലിന് 64 ഡോളറിനു മുകളിലേക്കു കയറിയ ക്രൂഡ് ഓയിൽ വില ഇന്നലെ 61 ഡോളറിലേക്കു താഴ്ന്നിരുന്നു. എന്നാൽ കനാൽ ഉടനെ തുറക്കില്ലെന്നായതോടെ വില 62.64 ഡോളറിലേക്കുയർന്നു. ഇത് ഇന്ത്യയിൽ എണ്ണവില ഉയരാൻ ഇടയാക്കിയേക്കും.

10 മുതൽ 15 ദിവസം വരെ ഈ തടസം തുടരാനാണ് സാധ്യത. അങ്ങനെയെങ്കിൽ അത് ഇന്ത്യൻ വ്യാപാര മേഖലയെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് റിപോർട്ട്. കൂടാതെ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും ഇത്തരത്തിൽ പെട്ടുകിടക്കുന്നതിനാൽ വിലകയറ്റത്തിന് ഇടയാകുമെന്നും വിലയിരുത്തപ്പെടുന്നു. സൂയസിനു പകരം ആഫ്രിക്ക ചുറ്റിയുള്ള കപ്പൽയാത്രയ്ക്ക് അഞ്ചു ദിവസം അധികമായി വേണം. ഇത് ഷിപ്പിങ് കമ്പനികൾക്ക് അധിക ബാധ്യതയുണ്ടാക്കുമെന്നതിനാൽ അതിന് അവർ മടിക്കുകയാണ്.

ഏകദേശം 185 കപ്പലുകളാണ് നിലവിൽ യാത്ര തുടരാനാവാതെ നിർത്തിയിട്ടിരിക്കുന്നത്. 9600 കോടി യുഎസ് ഡോളർ മൂല്യമുള്ള ചരക്കുകളാണ് വിവിധ കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്. ഇതിൽ സിമെന്റ്, എണ്ണ, ഇന്ധനം, രാസവസ്തുക്കൾ എന്നിവയടങ്ങുന്ന 40 കപ്പലുകളും കന്നുകാലികളെ കടത്തുന്ന എട്ടു കപ്പലുകളും മറ്റ് 30 ചരക്കുകപ്പലുകളും ഒരു കുടിവെള്ള ടാങ്കറും ഉൾപ്പെടുന്നതായാണ് റിപോർട്ട്.

കനാലിലൂടെ കടന്നുപോകുന്ന ചരക്കുകളുടെ മൂല്യം നോക്കുമ്പോൾ ഗതാഗതം വൈകുന്ന ഓരോ ദിവസവും നഷ്ടമുണ്ടാകുന്നത് ഏകദേശം 900 കോടി ഡോളർ വീതമാണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയാണ് സൂയസ് കനാൽ. ഇവിടെ എവർ ഗിവൺ എന്ന ഭീമൻ ചരക്കുകപ്പൽ കുടുങ്ങിയതോടെയാണ് ഇതുവഴിയുള്ള കപ്പൽ ഗതാഗതം പൂർണമായി തടസപ്പെട്ടത്.

സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന കണ്ടെയ്നറുകളിൽ 30 ശതമാനവും കടന്നു പോകുന്നത് സൂയസിലൂടെയാണ്. ലോകത്തിൽ ആകെ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളിൽ 12 ശതമാനവും ഈ കനാലിലൂടെയാണ്. കുടുങ്ങിയ ഭീമൻ ചരക്കുകപ്പലിനെ ചലിപ്പിക്കാൻ 20,000 ക്യൂബിക് മീറ്റർ മണൽ നീക്കേണ്ടി വരുമെന്നാണ് കനാൽ അധികൃതർ പറയുന്നത്.

കനാലിന് ഏകദേശം കുറുകെയാണ് കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് എവർ ഗിവൺ എന്ന കപ്പൽ നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ സമുദ്രപാതയിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് എവർ ഗിവൺ കനാലിൽ കുടുങ്ങിയത്. അന്ന് തന്നെ ടഗ് ബോട്ടുകളുപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഉപേക്ഷിച്ചു.

കപ്പലിന് ചുവടെ 15,000 -20,000 ക്യൂബിക് മീറ്റർ അളവിൽ മണലും ചെളിയും നീക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. 12 മുതൽ 16 മീറ്റർ വരെ ആഴത്തിൽ മണൽ നീക്കിയാൽ കപ്പൽ ചലിപ്പിക്കാനാവും എന്നാണ് പ്രതീക്ഷ. സാധാരണ ഡ്രെഡ്ജറുകൾ കൂടാതെ പ്രത്യേക സംവിധാനമുള്ള മണൽവാരി യന്ത്രവും എത്തിച്ചിട്ടുണ്ട്. ഈ ഡ്രെഡ്ജറിന് ഓരോ മണിക്കൂറിലും 2,000 ക്യുബിക് മീറ്ററോളം വസ്തുക്കൾ നീക്കം ചെയ്യാൻ കഴിയുമെന്ന് എവർ ഗിവൺ കപ്പലിന്റെ ടെക്‌നിക്കൽ മാനേജർ ബെൺഹാർഡ് ഷൂൽറ്റ് പറഞ്ഞു.

Next Story

RELATED STORIES

Share it