World

ഹോര്‍മുസ് കടലിടുക്ക് തര്‍ക്കം: ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

ഹോര്‍മുസ് കടലിടുക്ക് തര്‍ക്കം: ട്രംപിന്റെ അവകാശവാദങ്ങള്‍ തള്ളി ഇറാന്‍
X

തെഹ്റാന്‍: അമേരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിടുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. സമാധാന കരാറില്‍ എത്തുന്നതുവരെ ഉപരോധം പിന്‍വലിക്കില്ലെന്നും ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ബോംബാക്രമണം പുനരാരംഭിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.

കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഇറാന്റെ അനുമതിയും പ്രത്യേക റൂട്ടും ആവശ്യമാണെന്നാണ് ഇറാന്റെ അവകാശവാദം. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ആണവ പ്രതിരോധം പോലെ ഇപ്പോള്‍ നിര്‍ണായകമായി മാറിയിരിക്കുകയാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിലവിലെ സാഹചര്യത്തില്‍ കപ്പല്‍ ഗതാഗതം പുനരാരംഭിക്കുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഏറ്റവും പുതിയ പ്രസ്താവനയില്‍, ഇറാന്റെ പക്കലുള്ള യൂറേനിയം ശേഖരം അമേരിക്കയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ട്രംപിന്റെ അവകാശവാദങ്ങളും ഇറാന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബഫ് ആണ് 'എക്സി'ലൂടെ, അമേരിക്കന്‍ നാവിക ഉപരോധം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. വെടിനിര്‍ത്തല്‍ കാലയളവില്‍ എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി ഹോര്‍മുസ് 'പൂര്‍ണമായും തുറന്നിരിക്കുന്നു' എന്ന് ഇറാന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസങ്ങള്‍.

ലെബനനിലെ വെടിനിര്‍ത്തലിന് അനുസൃതമായി, നിശ്ചിത റൂട്ടിലൂടെയുള്ള യാത്ര അനുവദനീയമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ഇറാനുമായുള്ള 'ഇടപാട്' പൂര്‍ത്തിയാകുന്നത് വരെ കടലിടുക്കിലെ നാവിക ഉപരോധം നിലനില്‍ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. തര്‍ക്കവിഷയങ്ങള്‍ ഇതിനകം ചര്‍ച്ച ചെയ്തതിനാല്‍ പ്രക്രിയ 'വളരെ വേഗത്തില്‍' അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കരാറിലെത്തിയില്ലെങ്കില്‍ യുഎസ് വീണ്ടും 'ബോംബുകള്‍ വര്‍ഷിക്കാന്‍' തുടങ്ങിയേക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര 'നിശ്ചിത റൂട്ടിലൂടെയും' 'ഇറാന്റെ അനുമതിയോടെയും' മാത്രമേ നടത്താവൂ എന്ന് അരാഗ്ചി മറുപടി നല്‍കിയത്. ഇതേവിഷയത്തിലാണ് ഘാലിബഫും സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചത്.

ട്രംപ് ഒരു മണിക്കൂറിനുള്ളില്‍ നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്നും നുണകള്‍ കൊണ്ട് യുദ്ധം ജയിക്കാനാവില്ലെന്നുമാണ് ട്രംപിന്റെ പ്രസ്താവനകളോട് ഘാലിബഫ് പ്രതികരിച്ചത്. എന്നാല്‍, ഈ അവകാശവാദങ്ങള്‍ എന്തൊക്കെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

'ഒരു മണിക്കൂറില്‍ ഏഴ് അവകാശവാദങ്ങളാണ് യുഎസ് പ്രസിഡന്റ് നടത്തിയത്. ആ ഏഴ് അവകാശവാദങ്ങളും തെറ്റായിരുന്നു. നുണകള്‍ കൊണ്ട് യുദ്ധം ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. സമാധാന ചര്‍ച്ചകളിലും അവര്‍ എവിടെയും എത്താന്‍ പോകുന്നില്ല. ഉപരോധം തുടരുകയാണെങ്കില്‍, ഹോര്‍മുസ് കടലിടുക്ക് തുറന്നുകിടക്കില്ല. ഹോര്‍മുസ് കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയല്ല.' ഘാലിബഫ് കുറിച്ചു.





Next Story

RELATED STORIES

Share it