World

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം പിഎല്‍എ; ചൈനയുടെ വാദം തള്ളി ഇന്ത്യ

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ കഴിഞ്ഞ മെയ് മാസം മുതല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് കാരണം പിഎല്‍എ; ചൈനയുടെ വാദം തള്ളി ഇന്ത്യ
X

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ ആറു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കാരണം ചൈനയുടെ നീക്കങ്ങളാണെന്ന് വ്യക്തമാക്കി ഇന്ത്യ. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഏകപക്ഷീയമായി മാറ്റങ്ങള്‍ വരുത്താന്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിര്‍ത്തി സംബന്ധിച്ച കരാറുകള്‍ ചൈന മാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്നും അവകാശപ്പെടുന്ന ചൈനയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടു. ചൈന വാക്കും പ്രവര്‍ത്തിയും ഒരുപോലെയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇന്ത്യയുടെ നിലപാട് പലതവണ വിശദീകരിച്ചതാണ്. അതിര്‍ത്തിയില്‍ കഴിഞ്ഞ ആറ് മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കാരണം ചൈന തന്നെ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന എല്ലാ കരാറുകളും ലംഘിക്കുന്നതായിരുന്നു ചൈനയുടെ നീക്കമെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുരാജ്യങ്ങളും സൈനിക തലത്തിലും നയതന്ത്ര തലത്തിലും പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സൈനിക - നയതന്ത്ര തലങ്ങളിലുള്ള ആശയവിനിമയം ഇരുരാജ്യങ്ങളും നിലനിര്‍ത്തുന്നുണ്ടെന്നും തുടര്‍ ചര്‍ച്ചകളില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Next Story

RELATED STORIES

Share it