World

പാരിസില്‍ മുസ് ലിം പള്ളികള്‍ക്ക് പുറത്ത് പന്നിയുടെ തല; തലയില്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ പേര് എഴുതിയനിലയില്‍

പാരിസില്‍ മുസ് ലിം പള്ളികള്‍ക്ക് പുറത്ത് പന്നിയുടെ തല; തലയില്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ പേര് എഴുതിയനിലയില്‍
X

പാരിസ്: ഫ്രാന്‍സിലെ പാരിസില്‍ മുസ് ലിം പള്ളികള്‍ക്ക് പുറത്ത് പന്നിയുടെ തല കണ്ടെത്തിയതായി റിപോര്‍ട്ട്. മുസ് ലിംകളെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയോട് ചേര്‍ന്ന് പന്നിയുടെ തല ഉപേക്ഷിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. പാരിസിലെ നാല് പള്ളികളിലും ഉള്‍പ്രദേശങ്ങളിലെ അഞ്ച് പള്ളികളിലുമാണ് പന്നിയുടെ തല കണ്ടെത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മുസ ്ലിം മത വിശ്വാസ പ്രകാരം പന്നികളെ അശുദ്ധമായാണ് കണക്കാക്കുന്നത്.

കണ്ടെത്തിയ പന്നിയുടെ തലയില്‍ അഞ്ചെണ്ണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ പേര് നീല നിറത്തില്‍ എഴുതിയതായാണ് പുറത്തുവരുന്ന വിവരം. മാക്രോണിന്റെ ഫലസ്തീന്‍ അനുകൂല നിലപാടും മുസ്ലിം ജനത അദ്ദേഹത്തിന് നല്‍കുന്ന പിന്തുണയിലുള്ള അമര്‍ഷവുമായേക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തികളെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പാരിസ് പോലിസ് മേധാവി ലോറന്റ് ന്യൂനെസ് പറഞ്ഞു. 'നിന്ദ്യമായ' പ്രവര്‍ത്തി എന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിളിച്ചത്. വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ മുസ്ലിം സമൂഹമുള്ളത് ഫ്രാന്‍സിലാണ്. ഇസ്രായേലിനും അമേരിക്കയ്ക്കും പുറത്തുള്ള ഏറ്റവും വലിയ ജൂത ജനസംഖ്യയും ഫ്രാന്‍സിലാണ്.

അതേസമയം സംഭവത്തെ ഫ്രാന്‍സിലെ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ അപലപിച്ചു. സംഭവത്തിന് ശേഷം മുസ്ലിം സമുദായ പ്രതിനിധികളുമായി മാക്രോണ്‍ കൂടിക്കാഴ്ച നടത്തുകയും പിന്തുണ അറിയിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.



വംശീയമായ ഇത്തരം വിദ്വേഷ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോ പറഞ്ഞു. 2024ല്‍ പിരിസിലെ വടക്കന്‍ മേഖലയില്‍ മുസ്ലിം അസോസിയേഷന്‍ കെട്ടിടത്തിന് പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പന്നിയുടെ തല കണ്ടെത്തിയിരുന്നു.








Next Story

RELATED STORIES

Share it