World

വിമാനത്തില്‍ ഫലസ്തീന്‍ യുവാവിന്റെ മുഖത്തടിച്ച് എയര്‍ഹോസ്റ്റസ്; ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരേ 175 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്

വിമാനത്തില്‍ ഫലസ്തീന്‍ യുവാവിന്റെ മുഖത്തടിച്ച് എയര്‍ഹോസ്റ്റസ്; ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരേ 175 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
X

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഫലസ്തീന്‍ വംശജനെ വിമാനത്തില്‍ വച്ച് ജീവനക്കാരി മര്‍ദ്ദിച്ച സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്. ഡെല്‍റ്റ എയര്‍ലൈന്‍സിനെതിരെ യാത്രക്കാരനായ മുഹമ്മദ് ഷിബ്ലിയാണ് ഹരജി നല്‍കിയത്. 20 ദശലക്ഷം ഡോളര്‍ (ഏതാണ്ട് 175 കോടി രൂപ) ആണ് നഷ്ട്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലായ് 29 ന് അറ്റ്‌ലാന്റയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഫ്രെസ്നോയിലേക്കുള്ള വിമാനത്തില്‍ വച്ച് യാത്രക്കിടെ ജീവനക്കാരി മര്‍ദിച്ചുവെന്നാണ് കേസ്. വെള്ളം ചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് 175 കോടി നഷ്ടപരിഹാരം തേടിയുള്ള ഹരജിയിലേക്ക് എത്തിയത്.

ഷിബ്ലിക്കൊപ്പം ഭാര്യയും നാലും രണ്ടും വയസുള്ള ആണ്‍മക്കളും ഉണ്ടായിരുന്നു. യാത്രക്കിടെ ഇളയ കുട്ടി വെള്ളത്തിനായി കരഞ്ഞപ്പോള്‍ പിതാവ് വിമാനത്തിലെ എയര്‍ഹോസ്റ്റസിനോട് വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ വെള്ളം നല്‍കാന്‍ ഇവര്‍ തയ്യാറായില്ല. പിന്നീട് ഇദ്ദേഹം മറ്റൊരു എയര്‍ഹോസ്റ്റസിനെ സമീപിച്ച് വെള്ളം ചോദിച്ചെങ്കിലും അവരും ഇത് നിരസിച്ചു. ഇതോടെ മറ്റൊരു എയര്‍ഹോസ്റ്റസിനെ സമീപിച്ചപ്പോഴാണ് ഷിബ്ലിക്ക് വെള്ളം കിട്ടിയത്. സഹപ്രവര്‍ത്തകര്‍ വെള്ളം നല്‍കാതിരുന്നതില്‍ ഇവര്‍ ക്ഷമാപണം നടത്തിയതായും ഷിബ്ലി പറയുന്നു.

എന്നാല്‍ ആദ്യം വെള്ളം നല്‍കാന്‍ വിസമ്മതിച്ച എയര്‍ഹോസ്റ്റസ് പിന്നീട് വെള്ളവുമായി ഷിബ്ലിയെ സമീപിച്ചു. വെള്ളം വേണ്ടെന്ന് ഇദ്ദേഹം പറഞ്ഞപ്പോള്‍ തര്‍ക്കമായി. ഷിബ്ലിയുടെ ചെവിക്കടുത്തേക്ക് വന്ന് ഇവര്‍ അസഭ്യവാക്ക് പറയുകയും മുഖത്തടിക്കുകയുമായിരുന്നു.

യാത്രക്കാരനെന്ന നിലയില്‍ തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കുറിച്ച് താന്‍ ഭയപ്പെട്ടു. ഈ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. അതിനാലാണ് താന്‍ നഷ്ടപരിഹാരം തേടിയതെന്നും ഷിബ്ലി പറയുന്നു. അതേസമയം സംഭവത്തില്‍ കുറ്റാരോപിതയായ ജീവനക്കാരിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ഡെല്‍റ്റ കമ്പനി പ്രതികരിച്ചു. അതേസമയം ഷിബ്ലിയുടെ ഭാര്യയുടെ വസത്രത്തില്‍ ഫലസ്തീന്‍ എന്ന് എഴുതിയിരുന്നുവെന്നും ഇത് കണ്ട ശേഷം വംശീയ വിദ്വേഷം മൂലമാണ് ജീവനക്കാരി അക്രമം നടത്തിയതെന്നുമാണ് ഷിബ്ലിയുടെ അഭിഭാഷകന്‍ വാദിക്കുന്നത്.




Next Story

RELATED STORIES

Share it