World

അജ്ഞാതരോഗം: നിര്‍ത്തിവച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) വാക്‌സിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷണം യുകെയില്‍ പുനരാരംഭിച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

അജ്ഞാതരോഗം: നിര്‍ത്തിവച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു
X

ലണ്ടന്‍: അജ്ഞാതരോഗത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു. യുകെയില്‍ വാക്സിന്‍ കുത്തിവച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്കാണ് അജ്ഞാതരോഗം കണ്ടെത്തിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ഔഷധനിര്‍മാണ കമ്പനിയായ അസ്ട്രസെനേക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത 'AZD1222' കൊവിഡ് വാക്‌സിന്റെ പരീക്ഷണമാണ് നടക്കുന്നത്. മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആര്‍എ) വാക്‌സിന്‍ സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് പരീക്ഷണം യുകെയില്‍ പുനരാരംഭിച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

ബുധനാഴ്ചയാണ് വാക്സിന്‍ പരീക്ഷണം സ്വമേധയാ താല്‍ക്കാലികമായി നിര്‍ത്തിയതായി അസ്ട്രസെനേക്ക പ്രഖ്യാപിച്ചത്. പരീക്ഷണം നിര്‍ത്തിവച്ചത് സാധാരണ നടപടിക്രമം മാത്രമാണെന്നും വാക്‌സിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് സ്വതന്ത്രസമിതി രൂപീകരിച്ചതായും കമ്പനിയും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച സ്വതന്ത്ര അന്വേഷണ പ്രക്രിയ അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യുകെ റെഗുലേറ്ററായ എംഎച്ച്ആര്‍എയുടെയും ശുപാര്‍ശകളെത്തുടര്‍ന്ന് രാജ്യത്തുടനീളം വാക്സിന്‍ പരീക്ഷണം പുനരാരംഭിക്കുകയാണ്- ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ വിശദീകരിച്ചു. ഓക്‌സ്ഫഡ് വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നു. തുടര്‍ന്നാണു വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലേക്കു കടന്നത്.

യുഎസ്, യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 30,000 പേരാണു മൂന്നാംഘട്ടപരിശോധനയില്‍ പങ്കെടുത്തത്. പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ കുത്തിവച്ചതില്‍ ഒരാള്‍ക്കാണ് അജ്ഞാതരോഗം ബാധിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയില്‍ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. വാക്‌സിന്‍ കുത്തിവയ്ക്കുന്നതോടെ മനുഷ്യശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീന്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വൈറസിനെ ആക്രമിച്ച് നശിപ്പിക്കുകയും ചെയ്യുന്നു. പരീക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അസ്ട്രസെനേക്ക വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it