World

നെതന്യാഹുവിനേയും ട്രംപിനേയും മസ്‌കിന്റെ പേടകത്തില്‍ ഭൂമിയില്‍ നിന്ന് തുരത്തണം: അന്തരിച്ച ഡോ. ജെയിന്‍ ഗുഡാളിന്റെ അഭിമുഖം പുറത്ത്

നെതന്യാഹുവിനേയും ട്രംപിനേയും മസ്‌കിന്റെ പേടകത്തില്‍ ഭൂമിയില്‍ നിന്ന് തുരത്തണം: അന്തരിച്ച ഡോ. ജെയിന്‍ ഗുഡാളിന്റെ അഭിമുഖം പുറത്ത്
X

വാഷിങ്ടണ്‍: യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ പേടകത്തില്‍ കയറ്റി അന്യഗ്രഹത്തിലേക്ക് അയക്കണമെന്ന് പ്രശസ്ത പ്രൈമറ്റോളജിസ്റ്റും എഥോളജിസ്റ്റും മൃഗാവകാശ സംരക്ഷകയും കണ്‍സര്‍വേഷനിസ്റ്റുമായ ഡോ. ജെയ്ന്‍ ഗുഡാള്‍. 2025 ഒക്ടോബര്‍ ഒന്നിന് അന്തരിച്ച ഗുഡാള്‍, നെറ്റ്ഫ്ളിക്സിനായി മാര്‍ച്ചില്‍ ചിത്രീകരിച്ച അഭിമുഖത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

മരണശേഷം സംപ്രേഷണം ചെയ്ത ഈ അഭിമുഖത്തില്‍, തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെക്കുറിച്ച് അവതാരകന്റെ ചോദ്യത്തിന് ഗുഡാള്‍ വ്യക്തമായ മറുപടി നല്‍കി. 'തീര്‍ച്ചയായും, എനിക്ക് ഇഷ്ടമില്ലാത്ത ചിലര്‍ ഉണ്ട്. അവരെയെല്ലാം ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ പേടകത്തില്‍ കയറ്റി, മസ്‌ക് കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കുന്ന ഏതെങ്കിലും ഗ്രഹത്തിലേക്ക് അയക്കണം'- ഗുഡാള്‍ പറഞ്ഞു.

മസ്‌കും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന്, 'അതെ, തീര്‍ച്ചയായും, അദ്ദേഹമായിരിക്കും പേടകത്തിലെ ആതിഥേയന്‍' എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന്, ആരൊക്കെയാണ് ഈ ബഹിരാകാശ യാത്രയില്‍ ഉണ്ടാവേണ്ടതെന്ന് ഗുഡാള്‍ വിശദീകരിച്ചു: 'ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും, ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും അദ്ദേഹത്തിന്റെ അതിതീവ്ര ഭരണകൂടവും ഈ പേടകത്തില്‍ ഉണ്ടാവണം. അവരെയെല്ലാം ഒരുമിച്ച് ബഹിരാകാശത്തേക്ക് അയക്കണം'-ഗുഡാള്‍ ഊന്നിപ്പറഞ്ഞു. താന്‍ ഒരു ദൗത്യത്തിലാണെന്നും അതുകൊണ്ടാണ് താന്‍ ഈ ഭൂമിയിലുള്ളതെന്നും പറഞ്ഞ ഗുഡാളിനോട് എന്താണ് താങ്കളുടെ പോരാട്ടമെന്നും എന്തിനെതിരെയാണ് അതെന്നും അവതാരകന്‍ ചോദിക്കുന്നു. ഇതിന് പിന്നാലെയാണ് തീര്‍ച്ചയായും താങ്കള്‍ക്ക് ഇഷ്ടമില്ലാത്ത ആളുകളുണ്ടാകുമല്ലോ എന്ന് അവതാരകന്‍ ചോദിച്ചത്.

പ്രൈമേറ്റുകളെക്കുറിച്ചും നരവംശശാസ്ത്രത്തെക്കുറിച്ചും മൃഗസ്വഭാവങ്ങളെക്കുറിച്ചുമുള്ള പഠന ഗവേഷണങ്ങളിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച വ്യക്തിത്വമാണ് ജെയിന്‍ ഗുഡാള്‍. ഐക്യരാഷ്ട്ര സഭയുടെ സമാദാന സന്ദേശവാഹകരില്‍ ഒരാളാണ് ഗുഡാള്‍. 1934 ലാണ് ജനനം, 91 മത്തെ വയസിലായിരുന്നു അന്ത്യം.





Next Story

RELATED STORIES

Share it