World

ഓക്സിജന്‍ ബോട്ടിലില്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ ആങ് റിത ഷെര്‍പ അന്തരിച്ചു

മഞ്ഞുമലയിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന ആങ് റിത, താന്‍ സൃഷ്ടിച്ച ലോകറെക്കോര്‍ഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. 1983നും 1996നുമിടയിലായിരുന്നു റിതയുടെ വിഖ്യാതമായ എവറസ്റ്റ് യാത്രകള്‍.

ഓക്സിജന്‍ ബോട്ടിലില്ലാതെ 10 തവണ എവറസ്റ്റ് കീഴടക്കിയ ആങ് റിത ഷെര്‍പ അന്തരിച്ചു
X

കാഠ്മണ്ഡു: ഓക്‌സിജന്‍ ബോട്ടിലുകളുടെ സഹായമില്ലാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ് കൊടുമുടി പത്തുതവണ കീഴടക്കി ചരിത്രം സൃഷ്ടിച്ച നേപ്പാളി പര്‍വതാരോഹകന്‍ ആങ് റിത ഷെര്‍പ (72) അന്തരിച്ചു. തലച്ചോറിനും കരളിനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന അദ്ദേഹം, തിങ്കളാഴ്ചയാണ് നേപ്പാളിലെ ജോര്‍പതിയിലുള്ള വീട്ടില്‍ അന്തരിച്ചത്. മഞ്ഞുമലയിലെ പുള്ളിപ്പുലി എന്നറിയപ്പെടുന്ന ആങ് റിത, താന്‍ സൃഷ്ടിച്ച ലോകറെക്കോര്‍ഡുകളുടെ മായാത്ത മുദ്ര ബാക്കിയാക്കിയാണ് യാത്രയായത്. 1983നും 1996നുമിടയിലായിരുന്നു റിതയുടെ വിഖ്യാതമായ എവറസ്റ്റ് യാത്രകള്‍.

പത്തുതവണയോളമാണ് പര്‍വതാരോഹകര്‍ സാധാരണ ഉപയോഗിക്കാറുള്ള ഓക്സിജന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റ് കൊടുമുടി കയറിയത്. 2017ല്‍ ഇദ്ദേഹത്തെ തേടി ഗിന്നസ് ലോക റെക്കോര്‍ഡുമെത്തി. 8848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതല്‍ തവണ ഓക്‌സിജന്‍ സിലിണ്ടറില്ലാതെ കയറിയതിന്റെ പേരിലായിരുന്നു ഗിന്നസ് റെക്കോര്‍ഡ്. ആങ് റിത ഷെര്‍പ സ്ഥാപിച്ച ലോകറെക്കോര്‍ഡ് ഇന്നും ചരിത്രത്തിന്റെ ഭാഗമാണ്. 1983 ലാണ് ഇദ്ദേഹം ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കുന്നത്. 1987 ഡിസംബറിലെ മഞ്ഞുകാലത്തും ഓക്സിന്‍ ബോട്ടില്‍ ഉപയോഗിക്കാതെ എവറസ്റ്റിന്റെ 8,848 മീറ്റര്‍ ഉയരവും കീഴടക്കി ലോകത്തെ അത്ഭുതപ്പെടുത്തി. ഇതോടെയാണ് റിത ഷെര്‍പയ്ക്ക് 'ഹിമപ്പുലി' എന്ന വിളിപ്പേര് കിട്ടിയത്.

ഹിമാലയത്തിലെ ആവാസവ്യവസ്ഥയെയും പരിതസ്ഥിതികളെയും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു ഇദ്ദേഹം. ഹിമാല പ്രദേശങ്ങളില്‍ ജീവിക്കുന്ന വിഭാഗക്കാരാണ് പര്‍വതാരോഹരണത്തില്‍ പ്രഗല്‍ഭരായ ഷെര്‍പകള്‍. വടക്കന്‍ നേപ്പാളിലെ ഇലാജുംഗാണ് ഷെര്‍പയുടെ സ്വദേശം. ന്യൂസിലാന്‍ഡില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയതിന് ശേഷം അമേരിക്കയിലെ വന്യജീവി പാര്‍ക്കില്‍ ജോലിനോക്കവെ പര്‍വതാരോഹണത്തില്‍ കമ്പം വര്‍ധിച്ചു. 1992ല്‍ ഹിമാലയന്‍ മേഖലയിലെ പ്രകൃതി സംരക്ഷണത്തിനായി പുറപ്പെട്ടു. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് എവറസ്റ്റ് കീഴടക്കി.

ആങ് റിത ഷെര്‍പയുടെ നിര്യാണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം പര്‍വതനിരകളിലെ മഞ്ഞുപുള്ളിപ്പുലിയെപ്പോലെ സജീവമായിരുന്നു. അത് അതുല്യമായിരുന്നു- നേപ്പാളിലെ മുതിര്‍ന്ന പര്‍വതാരോഹകനും നേപ്പാള്‍ പര്‍വതാരോഹണ അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായ ആങ് ടെഷ്രിങ് ഷെര്‍പ ബിബിസിയോട് പറഞ്ഞു. അതുകൊണ്ടാണ് പര്‍വതാരോഹകര്‍ അദ്ദേഹത്തിന് മഞ്ഞുമലയിലെ പുള്ളിപ്പുലിയെന്ന ബഹുമതി നല്‍കിയത്.

പര്‍വതാരോഹണത്തിന് അദ്ദേഹം നല്‍കിയ സംഭാവന എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് നേപ്പാളിലെ ടൂറിസം വകുപ്പ് അറിയിച്ചു. ഞങ്ങളുടെ പര്‍വതടൂറിസം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഠ്മണ്ഡുവില്‍ സൂക്ഷിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മൃതദേഹം ഈ ആഴ്ചതന്നെ ആചാരപ്രകാരം സംസ്‌കരിക്കും.

Next Story

RELATED STORIES

Share it