World

ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്

ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ കാപിറ്റോള്‍ കലാപം ആളിക്കത്തിക്കുന്നതായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്
X

വാഷിങ്ടണ്‍: രാഷ്ട്രീയചര്‍ച്ചകള്‍ക്ക് നിയന്ത്രണമേര്‍പ്പടുത്താന്‍ ഫേസ്ബുക്ക് ആലോചിക്കുന്നു. രാഷ്ട്രീയഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളില്‍ രാഷ്ട്രീയ ഉളളടക്കം കുറയ്ക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തും. ആഗോളതലത്തില്‍ ഈ നയം വിപുലീകരിക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. കാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയിലെ ഉപയോക്താക്കള്‍ക്ക് രാഷ്ട്രീയ സിവിക് ഗ്രൂപ്പുകളെ ശുപാര്‍ശ ചെയ്യുന്നത് ഫേസ്ബുക്ക് അവസാനിപ്പിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ കാപിറ്റോള്‍ കലാപം ആളിക്കത്തിക്കുന്നതായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നയം ആഗോളതലത്തില്‍ നടപ്പാക്കാന്‍ ഫേസ്ബുക്കിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ ത്രൈമാസ അവലോകനത്തിലാണ് ഇത്തരമൊരു അഭിപ്രായം ഉയര്‍ന്നുവന്നത്. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയചര്‍ച്ചകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടാന്‍ തീരുമാനിച്ചതെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. എന്നാല്‍, ഉപയോക്താക്കള്‍ ആഗ്രഹിക്കുകയാണെങ്കില്‍ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചര്‍ച്ചകളിലും ഭാഗമാവുന്നതിന് സാധിക്കും.

അനീതിക്കെതിരേ സംസാരിക്കുന്നതിനോ, വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നതിനോ ഇത്തരം ചര്‍ച്ചകള്‍ സഹായകമാവാം. സ്വതന്ത്രമായ അഭിപ്രായപ്രകടനം അനുവദിക്കുന്നതില്‍ താനിപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കുന്നു. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കാനുള്ള ഉപയോക്താക്കളുടെ കഴിവ് പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കുറച്ചുകാലമായി ഞങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്.

അക്രമത്തിനും വിദ്വേഷപ്രചാരണത്തിനുമെതിരായ ഞങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്ന ഗ്രൂപ്പുകളെ നീക്കംചെയ്യുക എന്നതാണ് പ്രധാന മാര്‍ഗം. കഴിഞ്ഞവര്‍ഷം മാത്രം 1 ദശലക്ഷത്തിലധികം ഗ്രൂപ്പുകളെ ഞങ്ങള്‍ നീക്കംചെയ്തുവെന്ന് സപ്തംബറില്‍ വ്യക്തമാക്കിയതാണ്. ഞങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നില്ലെങ്കിലും ആളുകളെ ചേരാന്‍ പ്രോല്‍സാഹിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ധാരാളം ഗ്രൂപ്പുകളുമുണ്ട്. ഭിന്നതയുണ്ടാക്കുന്ന സംവാദങ്ങളെയും കമ്മ്യൂണിറ്റികളെയും നിരുല്‍സാഹപ്പെടുത്തുന്ന ജോലി കുറച്ചുനാളുകളായി തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് വിശദീകരിക്കുന്നു.

Next Story

RELATED STORIES

Share it