Top

അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെതിരേ പോലിസ് വെടിയുതിര്‍ത്തു; പ്രതിഷേധം വ്യാപകം

ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലിസിന്റെ വംശവെറിക്ക് ഇരയായത്. അരയ്ക്കുകീഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെതിരേ പോലിസ് വെടിയുതിര്‍ത്തു; പ്രതിഷേധം വ്യാപകം
X

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനോട് പോലിസിന്റെ ക്രൂരത. കറുത്തവര്‍ഗക്കാരനുനേരെ മക്കളുടെ മുന്നില്‍വച്ച് എട്ടുതവണ പോലിസ് വെടിയുതിര്‍ത്തതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജേക്കബ് ബ്ലേയ്ക്ക് (29) എന്ന യുവാവാണ് വിസ്‌കൊണ്‍സിനിലെ കെനോഷയില്‍ പോലിസിന്റെ വംശവെറിക്ക് ഇരയായത്. ഈമാസം 23നാണ് സംഭവമുണ്ടാവുന്നത്. അരയ്ക്കുകീഴെ തളര്‍ന്ന ബ്ലേയ്ക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മെയ് 25ന് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി പോലിസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരുന്നു.

ജൂണ്‍ ആദ്യമാണ് അറ്റ്‌ലാന്റയില്‍ കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കറുത്ത വര്‍ഗക്കാരനെ പോലിസ് വെടിവച്ചുകൊന്നത്. ആഫ്രോ- അമേരിക്കന്‍ വംശജനായ റെയ്ഷാര്‍ഡ് ബ്രൂക്ക് എന്ന 27കാരനാണ് പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്നും ഇതെത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നുമാണ് വെടിവയ്പ്പിന് ന്യായീകരണമായി പോലിസ് അധികൃതര്‍ അന്ന് വിശദീകരിച്ചത്. പോലിസിനെതിരേ അന്നും വലിയ പ്രതിഷേധമാണ് അമേരിക്കയിലെങ്ങും നടന്നത്. ഇതൊക്കെ കെട്ടടങ്ങും മുമ്പേയാണ് വീണ്ടുമൊരു ക്രൂരകൃത്യം.

വെടിവയ്പ്പിന് പിന്നാലെ കെനോഷയിലും സമീപപ്രദേശങ്ങളിലും പോലിസിനെതിരേ പ്രതിഷേധം അലയടിക്കുകയാണ്. സുരക്ഷാപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചതായി വിസ്‌കൊണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേര്‍സ് പറഞ്ഞു. തെരുവുകളില്‍ കെട്ടിടങ്ങള്‍ പലതും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. സുരക്ഷാജീവനക്കാരും പ്രതിഷേധക്കാരും തമ്മില്‍ കൈയാങ്കളിയുണ്ടായി. അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരേ നടക്കുന്ന വംശവെറിയുടെ അടുത്ത ഇരയാണ് ബ്ലേയ്ക്ക്, ഞങ്ങള്‍ പിന്നോട്ടില്ല തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ഒരുലക്ഷത്തോളം പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ഇതോടെ വിസ്‌കൊണ്‍സിനില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വിസ്‌കൊണ്‍സിനിലെ കെനോഷ പ്രദേശത്ത് രണ്ട് സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ബ്ലേയ്ക്ക് ഇടപ്പെട്ടിരുന്നു. ഇതിനിടെ ആരോ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പോലിസെത്തി. ഇവരാവട്ടെ ബ്ലേയ്ക്കിനോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബ്ലേയ്ക്ക് തന്റെ കാറിലേക്ക് കയറാന്‍ തുടങ്ങി. ഇതോടെ പോലിസ് പിന്നില്‍നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ ഗ്രാഫിക് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിനു ചുറ്റുമായി മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ നടക്കുന്നതും ബ്ലേയ്ക്കിനുനേരെ ആയുധം ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ബ്ലേയ്ക്കിന്റെ മൂന്ന് മക്കളും കാറിലിരിക്കുമ്പോഴായിരുന്നു പോലിസിന്റെ വെടിവയ്‌പ്പെന്ന് ബ്ലേയ്ക്കിന്റെ അഭിഭാഷകന്‍ അറിയിച്ചു. നിരായുധനായ ബ്ലേയ്ക്കിനെ വെടിവച്ചുകൊന്ന പോലിസ് നടപടിയെ വിസ്‌കൊണ്‍സിന്‍ ഗവര്‍ണര്‍ ടോണി എവേഴ്‌സ് അപലപിച്ചു. ഇതുവരെ ഞങ്ങള്‍ക്ക് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിസ്‌കൊണ്‍സിന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it