World

ഒബാമയുടെ റെക്കോർഡ് ഭേദിച്ച് ജോ ബൈഡൻ: വിജയിച്ചാൽ ബൈഡൻ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അമേരിക്കൻ പ്രസിഡന്റ്

6,94,98,516 പോപ്പുലർ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വർധിച്ചിരുന്നു.

ഒബാമയുടെ റെക്കോർഡ് ഭേദിച്ച് ജോ ബൈഡൻ: വിജയിച്ചാൽ ബൈഡൻ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന അമേരിക്കൻ പ്രസിഡന്റ്
X

വാഷിങ്ടൺ: ഡമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്ന അമേരിക്കൻ പ്രസിഡന്റ് എന്ന വിശേഷണത്തിന് അർഹനാകുമെന്നു ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തു. ജോ ബൈഡന് ഇപ്പോൾ 72 ദശ ലക്ഷം പോപ്പുലർ വോട്ടുകളാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ ബരാക്ക് ഒബാമയുടെ റെക്കാർഡിനെ മറികടക്കുന്നതാണ് ജോ ബൈഡൻ നേടിയ വോട്ടുകളെന്ന് അസ്സോസിയേറ്റ് പ്രസ്സിന്റെ കണക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തു.

6,94,98,516 പോപ്പുലർ വോട്ടുകളായിരുന്നു 2008-ലെ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ നേടിയത്. അമേരിക്കയിലെ ജനസംഖ്യ കഴിഞ്ഞ പത്തു വർഷത്തിനിടെ ഏകദേശം 26 ദശലക്ഷമായി വർധിച്ചിരുന്നു. ഇതായിരിക്കാം ജോ ബൈഡന്റെ വോട്ടിൽ പ്രതിഫലിച്ചതെന്നാണ് ഫോക്സ് ന്യൂസിന്റെ വിലയിരുത്തൽ. നിലവിൽ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപിനേക്കാൾ 27 ലക്ഷം വോട്ടുകൾക്ക് മുന്നിലാണ് ജോ ബൈഡൻ.

പെൻസിൽവാനിയ, ജോർജിയ, നെവാഡ എന്നിവയുൾപ്പെടെ നിരവധി നിർണായക സംസ്ഥാനങ്ങളിൽ ഇപ്പോഴും വോട്ടെണ്ണൽ തുടരുകയാണ്. ജോ ബൈഡന് 264 ഇലക്ട്‌റൽ വോട്ടുകളും ട്രംപിന് 214 വോട്ടുകളുമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നേരിയ ലീഡുള്ള നെവാഡയിൽ വിജയിക്കുകയാണെങ്കിൽ ജോ ബൈഡന്റെ വിജയ സാധ്യത വർധിക്കും. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 49.3 ശതമാനം വോട്ടുകളാണ് നെവാഡയിൽ ബൈഡന് ലഭിച്ചിരിയ്ക്കുന്നത്. ബൈഡന് കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു 48.7% വോട്ടുകളാണ് ഡൊണാൾഡ് ട്രംപിന് നെവാഡയിൽ ലഭിച്ചത്.

ഇത് അസാധാരണമായ ഒരു തിരഞ്ഞെടുപ്പാണെന്നും നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പോളിംഗാണു ഉണ്ടായിരിക്കുന്നതെന്നും രണ്ട് സ്ഥാനാർത്ഥികൾക്കും മുമ്പുണ്ടായിരുന്നതിനേക്കാൾ വലിയ വോട്ട് ലഭിക്കുമെന്നും പെൻ‌സിൽ‌വാനിയ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ റോജേഴ്സ് സ്മിത്ത് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

Next Story

RELATED STORIES

Share it