World

ആ ബാഗില്‍ ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടമോ...?; വീഡിയോ പുറത്തുവിട്ട് തുര്‍ക്കി മാധ്യമം

തുര്‍ക്കിയിലെ പുതിയ ചാനലായ എ ഹബറാണ് വീഡിയോ ആദ്യം പ്രക്ഷേപണം ചെയ്തത്. ഡെയ്‌ലി സബാഹ് എന്ന പത്രത്തിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ഫെര്‍ഹാത് ഉന്‍ലുവാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നാണു പറയുന്നത്.

ആ ബാഗില്‍ ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടമോ...?; വീഡിയോ പുറത്തുവിട്ട് തുര്‍ക്കി മാധ്യമം
X

റിയാദ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ ബാഗിലാക്കി സൗദി സംഘത്തെ കാണിച്ചുകൊടുത്തതെന്നു സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തുര്‍ക്കി മാധ്യമം പുറത്തുവിട്ടു. ഖഷഗ്ദി കൊല്ലപ്പെട്ട ദിവസം കൊലപാതകസംഘത്തിലെ ചിലര്‍ സൗദി കോണ്‍സുലേറ്റ് ജനറലുടെ ഇസ്താംബുളിലെ വസതിയില്‍ ബാഗുമായെത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഹിറ്റ് ടീം അംഗങ്ങളില്‍ ഒരാളാണു ബാഗ് കൈവശം വച്ചിരുന്നതെന്നും ഇതില്‍ ഖഷഗ്ജിയുടെ മൃതദേഹാവശിഷ്ടങ്ങളാവാമെന്നും തുര്‍ക്കി മാധ്യമങ്ങള്‍ ആരോപിക്കുന്നു. തുര്‍ക്കിയിലെ പുതിയ ചാനലായ എ ഹബറാണ് വീഡിയോ ആദ്യം പ്രക്ഷേപണം ചെയ്തത്. ഡെയ്‌ലി സബാഹ് എന്ന പത്രത്തിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ ഫെര്‍ഹാത് ഉന്‍ലുവാണ് ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നാണു പറയുന്നത്. വീഡിയോ ദൃശ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഖഷദ്ജിയുടെ മൃതദേഹം എവിടെയെന്ന അന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നും വാഷിങ്ടണ്‍ ഡിസിയുടെ അറബ് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഖലീല്‍ ജഹ്ഷാന്‍ പറഞ്ഞു. ഒരു വാന്‍ കോണ്‍സുലേറ്റ് ഓഫിസ് കെട്ടിടത്തിനടുത്ത് നിര്‍ത്തിയിട്ടതായി വീഡിയോയില്‍ വ്യക്തമായി കാണാം. കൊലപാതക സംഘത്തില്‍ പെട്ടവരെന്ന് സംശയിക്കുന്നവര്‍ ആ കറുത്ത ബാഗില്‍ മൃതദേഹാവശിഷ്ടങ്ങള്‍ നിറച്ചിരിക്കാം. ഇതേക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഖഷഗ്ജിയുടെ മൃതദേഹം എവിടെയെന്ന അന്വേഷണത്തിനു വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 2ന് തന്റെ മുന്‍ ഭാര്യയുമായുള്ള വിവാഹമോചന രേഖകള്‍ക്കായി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പോയ ഖഷഗ്ജിയെ പിന്നീട് കാണാതാവുകയായിരുന്നു. ആദ്യം സൗദി നിഷേധിച്ചെങ്കിലും അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ കോണ്‍സുലേറ്റിനുള്ളില്‍ നടന്ന പിടിവലിക്കിടെ അദ്ദേഹം കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്നു പറഞ്ഞു. എന്നാല്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുടെ അറിവോടെ സൗദി ഭരണകൂടം നടത്തിയ ആസൂത്രി കൊലപാതകമാണിതെന്നു തുര്‍ക്കി ആരോപിച്ചിരുന്നു. ഒടുവില്‍, കൊലപാതകത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ 11 പേര്‍ കുറ്റക്കാരെന്നു കണ്ടെത്തുകയും അഞ്ച് പേര്‍ക്ക് സൗദി വധശിക്ഷ വിധിക്കികയും ചെയ്തിരുന്നു. എന്നാല്‍, ഖഷഗ്ജിയുടെ മൃതദേഹം എവിടെയെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ മറുപടി സൗദി കോണ്‍സുലേറ്റ് അധികൃതര്‍ നല്‍കിയിട്ടില്ല.

Next Story

RELATED STORIES

Share it