Sub Lead

ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേല്‍; വെള്ളവും ഭക്ഷണവും ശേഖരിക്കുന്നു; ജിപിഎസ് തകരാറില്‍; സൈന്യത്തിന് ജാഗ്രത

ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേല്‍; വെള്ളവും ഭക്ഷണവും ശേഖരിക്കുന്നു; ജിപിഎസ് തകരാറില്‍; സൈന്യത്തിന് ജാഗ്രത
X

ഗസ: ഇറാന്റെ തിരിച്ചടി ഭയന്ന് ഇസ്രായേല്‍ ആവശ്യത്തിന് ഭക്ഷണവും വെള്ളവും ജനറേറ്ററുമെല്ലാം ഉറപ്പാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇറാന്‍ ഏത് സമയവും വന്‍ ആക്രമണം നടത്തിയേക്കാമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സിറിയയില്‍ കൊല്ലപ്പെട്ടതാണ് ആശങ്കക്കെല്ലാം കാരണം. ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ ആത്മീയ നേതാവ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ ഇസ്രായേലിലെ ജിപിഎസ് സംവിധാനം തകരാറിലായി. ഇത് ജനങ്ങളില്‍ കൂടുതല്‍ ആശങ്ക വര്‍ധിപ്പിച്ചു. എന്നാല്‍ സൈന്യത്തിന്റെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജിപിഎസ് തകരാറിലാക്കിയത് എന്ന് പറയപ്പെടുന്നു. ദിശ തെറ്റിയാണ് ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെ കാണിക്കുന്നത്. ഇതില്‍ ആശങ്ക വേണ്ടെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ സൈന്യം ജാഗ്രതയിലാണ്. സുപ്രധാന യോഗങ്ങള്‍ ഇടയ്ക്കിടെ ചേരുന്നുണ്ട്. എന്നാല്‍ എല്ലാം ഇറാനുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്ന് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗരി പറഞ്ഞു. പൊതുജനങ്ങളുമായി പങ്കുവയ്ക്കേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വ്യാഴാഴ്ച മുതല്‍ ഇസ്രായേലിലെ ചില പ്രദേശങ്ങളില്‍ കടകളില്‍ കച്ചവടം കൂടിയിട്ടുണ്ട്. അവശ്യ വസ്തുക്കള്‍ അതിവേഗം വിറ്റുപോകുകയാണ്. ട്രാന്‍സിസ്റ്റര്‍ റേഡിയോ, ജനറേറ്ററുകള്‍ എന്നിവയെല്ലാമാണ് ആളുകള്‍ ചോദിച്ചുവരുന്നത്. എന്താണ് ആളുകളുടെ തിടുക്കത്തിന് കാരണം എന്ന് വ്യക്തമല്ലെന്ന് റമി ലെവി സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഉടമ റമി ലെവി പറഞ്ഞു. എടിഎമ്മുകള്‍ അതിവേഗം കാലിയാകുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുപ്പി വെള്ള വില്‍പ്പനയില്‍ 300 ഇരട്ടി വര്‍ധനവാണുള്ളതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച മാത്രം ആയിരക്കണക്കിന് ജനറേറ്ററുകള്‍ വിറ്റുപോയി. ജനറേറ്ററുകള്‍ വന്‍തോതില്‍ സ്റ്റോക്കുണ്ട്. എന്നിട്ടും അതിവേഗം വിറ്റുപോകുകയാണ്. വൈദ്യുതി കേന്ദ്രത്തിന് നേരെ മിസൈല്‍ ആക്രമണമുണ്ടായാല്‍ വൈദ്യുതി തടസപ്പെടുമെന്ന് കണ്ടാണ് ജനറേറ്ററുകള്‍ വാങ്ങി സൂക്ഷിക്കുന്നത്.

എന്ത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ചില മുന്‍സിപ്പാലിറ്റികള്‍ പ്രസ്താവന ഇറക്കിയതും ആശങ്ക ഇരട്ടിയാക്കി. അടിയന്തര ആവശ്യങ്ങള്‍ക്കായി 600 വാക്കി ടോക്കികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി ഇസ്രായേലിലെ ലോക്കല്‍ അതോറിറ്റികളുടെ ഫെഡറേഷന്‍ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ നിന്ന് അടുത്തിടെ നിരവധി പേര്‍ ജോലി തേടി ഇസ്രായേലിലെത്തിയിട്ടുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it