World

വൈറ്റ് ഹൗസിനു പുറത്ത് ഇന്ത്യക്കാരന്‍ തീക്കൊളുത്തി ജീവനൊടുക്കി

മേരിലാന്‍ഡിലെ ബെഥെസ്ഡ സ്വദേശിയായ 33 കാരനായ അര്‍ണവ് ഗുപ്തയാണ് ജീവനൊടുക്കിയതെന്ന് പോലിസ് അറിയിച്ചു. വൈറ്റ് ഹൗസിനു സമീപം ധാരാളം വിനോദയാത്രികര്‍ എത്തിച്ചേരാറുള്ള 52 ഏക്കര്‍ വരുന്ന പാര്‍ക്കിലായിരുന്നു യുവാവിന്റെ ആത്മഹത്യ.

വൈറ്റ് ഹൗസിനു പുറത്ത് ഇന്ത്യക്കാരന്‍ തീക്കൊളുത്തി ജീവനൊടുക്കി
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യക്കാരന്‍ തീക്കൊളുത്തി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. മേരിലാന്‍ഡിലെ ബെഥെസ്ഡ സ്വദേശിയായ 33 കാരനായ അര്‍ണവ് ഗുപ്തയാണ് ജീവനൊടുക്കിയതെന്ന് പോലിസ് അറിയിച്ചു. വൈറ്റ് ഹൗസിനു സമീപം ധാരാളം വിനോദയാത്രികര്‍ എത്തിച്ചേരാറുള്ള 52 ഏക്കര്‍ വരുന്ന പാര്‍ക്കിലായിരുന്നു യുവാവിന്റെ ആത്മഹത്യ. ഉടന്‍തന്നെ നാഷനല്‍ പാര്‍ക്ക് ഉദ്യോഗസ്ഥരും പോലിസും ചേര്‍ന്ന് ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍, ശരീരത്തില്‍ 85 ശതമാനവും പൊള്ളലേറ്റ അര്‍ണവ് വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

അര്‍ണവ് ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പോലിസ് പറയുന്നു. ബുധനാഴ്ച രാവിലെ മാതാപിതാക്കളെ കാണാനില്ലെന്ന് അര്‍ണവ് പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് പോലിസ് ഇവരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ച് നോട്ടീസും പുറത്തിറക്കി. ബുധനാഴ്ച രാവിലെ 9.20നാണ് മാതാപിതാക്കളെ അവസാനമായി കണ്ടതെന്നാണ് അര്‍ണവ് പോലിസിനോട് പറഞ്ഞിരുന്നത്. അര്‍ണവിന്റെ മാനസികവൈകല്യത്തില്‍ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നുവെന്ന് പോലിസ് പറയുന്നു. വാഷിങ്ടണ്‍ ഡിസി പോലിസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുവിനൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയാണ് അര്‍ണവ് തീക്കൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. ഇത് പിതാവിന് അയച്ചുകൊടുക്കുകയും അദ്ദേഹം ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയുമായിരുന്നു.

തീക്കൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെയും പുറത്തുവന്നു. അധികൃതര്‍ ഓടിയെത്തുമ്പോഴും തീപ്പിടിച്ച ശരീരവുമായി നിവര്‍ന്നുനില്‍ക്കുകയായിരുന്നു അര്‍ണവ്. യുഎസ് സീക്രട്ട് സര്‍വീസ് ജീവനക്കാരന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കെ2 എന്ന ലഹരിമരുന്ന് ഉപയോഗിച്ചശേഷമാണ് അര്‍ണവ് ജീവനൊടുക്കിയതെന്ന് പോലിസ് പറയുന്നു. കഞ്ചാവിന്റെ മറ്റൊരു വകഭേദമാണ് കെ2. രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് വൈറ്റ് ഹൗസിനു സമീപം ഇത്തരത്തിലുള്ള സംഭവം അരങ്ങേറുന്നത്.

Next Story

RELATED STORIES

Share it