World

ഇന്ത്യയ്ക്ക് വീണ്ടും യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ നേടിയാണ് രാജ്യം യുഎന്‍ രക്ഷാസമിതിയില്‍ ഇടംപിടിച്ചത്. ഏഷ്യാ- പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയ്ക്ക് വീണ്ടും യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
X

ജനീവ: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ വീണ്ടും അംഗത്വം ലഭിച്ചു. ഇത് എട്ടാംതവണയാണ് ഇന്ത്യ യുഎന്‍ രക്ഷാസമിതിയിലെത്തുന്നത്. യുഎന്‍ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2021-2022 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വമാണ് ലഭിച്ചിരിക്കുന്നത്. 193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ നേടിയാണ് രാജ്യം യുഎന്‍ രക്ഷാസമിതിയില്‍ ഇടംപിടിച്ചത്. ഏഷ്യാ- പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയ്‌ക്കൊപ്പം അയര്‍ലന്‍ഡ്, മെക്‌സിക്കോ, നോര്‍വെ എന്നീ രാജ്യങ്ങളും രക്ഷാസമിതിയില്‍ ഇടംനേടിയിട്ടുണ്ട്. 192 അംഗരാജ്യങ്ങളാണ് വോട്ടിങ്ങില്‍ പങ്കെടുത്തത്. ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായ 128 വോട്ടുകളായിരുന്നു തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് 184 വോട്ടുകള്‍ ലഭിച്ചു. ആകെ 15 അംഗങ്ങളാണ് യുഎന്‍ രക്ഷാസമിതിയിലുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമുണ്ട്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. 1950-1951, 1967-1968, 1972-1973, 1977-1978, 1984-1985, 1991-1992 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. 2011-12 ലായിരുന്നു ഇന്ത്യ ഏറ്റവുമൊടുവില്‍ രക്ഷാസമിതി അംഗമായത്.

യുഎന്‍ പൊതുസഭയുടെ 75ാമത് സെഷന്റെ പ്രസിഡന്റായി തുര്‍ക്കി നയതന്ത്രജ്ഞനും രാഷ്ട്രീയക്കാരനുമായ വോള്‍ക്കന്‍ ബോസ്‌കിര്‍ തിരഞ്ഞെടുക്കപ്പെട്ടു. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുമുള്ള അംഗീകാരമുള്ള സ്ഥാനാര്‍ഥിയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 9ന് ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി പ്രതിനിധികളുടെ എണ്ണം കുറവായിരുന്നു. യുഎന്‍ നയതന്ത്ര പ്രതിനിധികളും ഉദ്യോഗസ്ഥരും ജനറല്‍ അസംബ്ലി ഹാളിലെത്തി വോട്ടുരേഖപ്പെടുത്തിയശേഷം ഉടന്‍ വേദി വിടുകയായിരുന്നു.

Next Story

RELATED STORIES

Share it