World

ജനകീയപ്രക്ഷോഭം ഫലം കണ്ടു; വിവാദ ബില്‍ ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു

ജനകീയപ്രക്ഷോഭം ഫലം കണ്ടു; വിവാദ ബില്‍ ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു
X

ഹോങ്കോങ്: മാസങ്ങള്‍ നീണ്ട തെരുവുപ്രക്ഷോഭം ഫലം കണ്ടു. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കാരി ലാം പിന്‍വലിച്ചു. മൂന്നു മാസത്തോളമായി ഹോങ്കോങില്‍ തുടരുന്ന വന്‍ ജനകീയ പ്രക്ഷോഭമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. ബില്‍ പിന്‍വലിക്കുന്നുവെന്ന് റെക്കോഡ് ചെയ്ത വീഡിയോ സന്ദേശം ടെലിവിഷനിലൂടെയാണ് കാരി ലാം ജനങ്ങളെ അറിയിച്ചത്. എന്നാല്‍ തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളില്‍ ഒന്നു മാത്രമാണ് ബില്ല് പിന്‍വലിക്കുകയെന്നതെന്നും അവകാശ പോരാട്ടം തുടരുമെന്നാണും സമരക്കാര്‍ അറിയിച്ചു.

പ്രക്ഷോഭം തുടങ്ങിയപ്പോള്‍ തന്നെ ബില്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹോങ്കോങ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ കാരി ലാം ചൈനയോട് ആവശ്യപ്പെട്ടിരുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചൈനീസ് ഭരണകൂടം ഇത് തള്ളിയതോടെ രാജിഭീഷണി മുഴക്കിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ബില്‍ പിന്‍വലിക്കുന്നതായും പ്രക്ഷോഭത്തനിടെ പോലിസ് ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും കാരി അറിയിച്ചു. സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് കുറ്റവാളി കൈമാറ്റ ബില്‍ ഹോങ്കോങ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞതുമുതല്‍ വിദ്യാര്‍ഥികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരുന്നു. വിമാനത്താവളം ഉള്‍പ്പെടെ പ്രക്ഷോഭകള്‍ കൈയേറുന്ന സാഹചര്യത്തിലേക് പ്രതിഷേധം അതിശക്തമായതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്.



Next Story

RELATED STORIES

Share it