World

ബംഗ്ലാദേശില്‍ കൂറ്റന്‍ ചരക്കുകപ്പലിടിച്ച് യാത്രാ ബോട്ട് മുങ്ങി; അഞ്ച് മരണം, നിരവധി പേരെ കാണാതായി (വീഡിയോ)

ബംഗ്ലാദേശില്‍ കൂറ്റന്‍ ചരക്കുകപ്പലിടിച്ച് യാത്രാ ബോട്ട് മുങ്ങി; അഞ്ച് മരണം, നിരവധി പേരെ കാണാതായി (വീഡിയോ)
X

ധക്ക: ബംഗ്ലാദേശില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയ്ക്കു സമീപം ശീതലക്ഷ്യ നദിയില്‍ ഞായറാഴ്ചയാണ് സംഭവം. എംവി രൂപ്ഷി-9 എന്ന ചരക്കുകപ്പലാണ് എം വി അഫ്‌സറുദ്ദീന്‍ എന്ന ബോട്ടില്‍ ഇടിച്ചത്. അപകടത്തില്‍ നിരവധി പേരെ കാണാതായതായി ബംഗ്ലാദേശ് പോലിസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപോര്‍ട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബോട്ടിലേക്ക് കപ്പല്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കപ്പല്‍, ബോട്ടിനെ തള്ളിക്കൊണ്ട് നദിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് നീങ്ങി. ബോട്ട് ക്രമേണ വെള്ളത്തില്‍ മുങ്ങുന്നതും വീഡിയോയില്‍ കാണാം. ജീവന്‍ രക്ഷിക്കാന്‍ ചില യാത്രക്കാര്‍ ബോട്ടില്‍ നിന്ന് നദിയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കപ്പലിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. ചരക്ക് കപ്പല്‍ ബോട്ടില്‍ ഇടിച്ചപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നത് കേള്‍ക്കാം.

ബോട്ട് പൂര്‍ണമായും വെള്ളത്തിനടിയിലായതിന് ശേഷമാണ് കപ്പല്‍ നില്‍ക്കുന്നത്. ബോട്ടില്‍ 60ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. ഒരു പുരുഷന്റെയും മൂന്ന് സ്ത്രീകളുടെയും ഒരു കുഞ്ഞിന്റെയും മൃതദേഹം കണ്ടെടുത്തതായാണ് ബംഗ്ലാദേശ് പോലിസ് ഔദ്യോഗികമായി പുറത്തുവിട്ട വിവരം. 22 പേര്‍ നീന്തി രക്ഷപ്പെട്ടതായും പോലിസ് ഇന്‍സ്‌പെക്ടര്‍ അസ്‌ലം മിയ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it