World

അമേരിക്ക 18 മാസത്തിനകം അഫ്ഗാന്‍ വിടും; താലിബാനുമായി ധാരണയിലെത്തിയതായി റിപോര്‍ട്ട്

അമേരിക്കയുടെ പ്രത്യേക സമാധാന ദൂതന്‍ സല്‍മയ് ഖലീല്‍സാദുമായി ഖത്തറില്‍ വച്ച് നടത്തിയ ആറ് ദിവസം നീണ്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

അമേരിക്ക 18 മാസത്തിനകം അഫ്ഗാന്‍ വിടും; താലിബാനുമായി ധാരണയിലെത്തിയതായി റിപോര്‍ട്ട്
X

ദോഹ: 18 മാസത്തിനകം അധിനിവേശ സൈനികര്‍ അഫ്ഗാന്‍ വിടുന്ന രീതിയിലുള്ള കരാറിന് ധാരണയിലെത്തിയതായി താലിബാന്‍. അമേരിക്കയുടെ പ്രത്യേക സമാധാന ദൂതന്‍ സല്‍മയ് ഖലീല്‍സാദുമായി ഖത്തറില്‍ വച്ച് നടത്തിയ ആറ് ദിവസം നീണ്ട ചര്‍ച്ചയിലാണ് ധാരണയിലെത്തിയതെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

എന്നാല്‍, ഇക്കാര്യം അമേരിക്ക സ്ഥിരീകരിക്കുകയോ ഇരുവിഭാഗവും ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല. ഖലീല്‍സാദ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെത്തി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ ധരിപ്പിക്കും. അഫ്ഗാന്‍ മണ്ണ് ആസ്ഥാനമാക്കി അമേരിക്കയെയോ സഖ്യകക്ഷികളെയോ ആക്രമിക്കാന്‍ അല്‍ഖാഇദ, ഐഎസ് സംഘടനകളെ അനുവദിക്കില്ലെന്ന ഉറപ്പ് അമേരിക്കയ്ക്ക് നല്‍കിയതായി താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചുവെന്നും റോയിട്ടേഴ്‌സിന്റെ റിപോര്‍ട്ടില്‍ പറയുന്നു.

18 മാസത്തിനുള്ളില്‍ അധിനിവേശ സൈന്യം പിന്‍മാറുകയും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയും ചെയ്താല്‍ സമാധാനപ്രക്രിയയിലെ മറ്റു കാര്യങ്ങള്‍ നടപ്പിലാവുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇരുഭാഗത്തുമുള്ള തടവുകാരുടെ കൈമാറ്റം, താലിബാന്‍ നേതാക്കളുടെ വിദേശയാത്രക്കുള്ള നിരോധനം നീക്കല്‍, ഇടക്കാല സര്‍ക്കാര്‍ രൂപീകരണം തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്. അഫ്ഗാന്‍ പ്രസിഡന്റ് തിരഞ്ഞൈടുപ്പ് ജുലൈയില്‍ നടക്കാനിരിക്കുകയാണ്.

പാശ്ചാത്യന്‍ പിന്തുണയുള്ള അഫ്ഗാന്‍ സര്‍ക്കാരിനെതിരേയും സുരക്ഷാ സേനയ്‌ക്കെതിരേയും താലിബാന്‍ അടുത്ത കാലത്ത് ആക്രമണം ശക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it