World

ശ്രീലങ്കയില്‍ പള്ളിമുറ്റത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 42 കാരനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മൗണ്ട് ലവീനിയയിലെ പിരിവേന മവാതയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കാര്‍, 16 സിം കാര്‍ഡുകള്‍, സിഡികള്‍, 16 സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു

ശ്രീലങ്കയില്‍ പള്ളിമുറ്റത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു
X

കൊളംബോ: ശ്രീലങ്കയിലെ വേലിപുന്നയില്‍ മുസ്‌ലിം പള്ളിയുടെ മുറ്റത്ത് നിന്നു ബോംബുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി പോലിസ്. പ്രത്യേകാന്വേഷണ സംഘവും പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി മൂന്നു നാടന്‍ ബോംബുകളും 100 ഗ്രാം അമോണിയ പൗഡറും കണ്ടെടുത്തതെന്നു ഡെയ്‌ലി മിറര്‍ റിപോര്‍ട്ട് ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് കര്‍ശന പരിശോധന തുടരുകയാണ്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 42 കാരനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മൗണ്ട് ലവീനിയയിലെ പിരിവേന മവാതയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കാര്‍, 16 സിം കാര്‍ഡുകള്‍, സിഡികള്‍, 16 സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഓരോ സര്‍ക്യൂട്ട് ബോര്‍ഡിലും 12 സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നവയാണ്. ചര്‍ച്ച് ആക്രമണത്തിനു ശേഷം വൈകുന്നേരങ്ങളില്‍ മാര്‍ക്കറ്റിലും മറ്റുമെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല, സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി ശനി, ഞായര്‍ ദിവസങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ റദ്ദാക്കിയതായി കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്ത് അറിയിച്ചിട്ടുണ്ടെന്ന് കൊളംബോ അതിരൂപത വക്താവ് ഫാ. എഡ്മണ്ട് തിലകരത്‌നെ അറിയിച്ചു. ഏപ്രില്‍ 21നുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 253 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിനു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ശേഷം കൊളംബോയിലെയും പരിസരങ്ങളിലെയും ചര്‍ച്ചുകള്‍ അടച്ചിട്ടിരിക്കുകയാണ്.




Next Story

RELATED STORIES

Share it