കൊളംബോ സ്‌ഫോടന പരമ്പര: കൊല്ലപ്പെട്ടത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം
സ്‌ഫോടനങ്ങളില്‍ 253 പേരാണ് മരിച്ചതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 353 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ പുതിയ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടു. സ്‌ഫോടനങ്ങളില്‍ 253 പേരാണ് മരിച്ചതെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 353 പേര്‍ മരിച്ചതായാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. മൃതദേഹങ്ങള്‍ പരിശോധിച്ചപ്പോഴുണ്ടായ പിഴവാണ് മരണസംഖ്യ തെറ്റായി കണക്കാക്കാന്‍ ഇടയാക്കിയതെന്ന് ലങ്കന്‍ അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ചിതറിയ നിലയിലായിരുന്നതിനാല്‍ ഒരാളുടെ തന്നെ മൃതദേഹം പലതായി കണക്കാക്കി. ഇതാണ് പിഴവുണ്ടാവാനുള്ള കാരണം.
വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ അവസാനിച്ചത്. ഇതിനു ശേഷമാണ് കൃത്യമായ കണക്ക് ലഭിച്ചതെന്ന് ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനില്‍ ജെസീങ്കെ അറിയിച്ചു. ഇനിയും ആക്രമണങ്ങളുണ്ടാവുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ മരണാനന്തര പൊതുചടങ്ങുകളും പ്രാര്‍ത്ഥനകളും മതപുരോഹിതന്‍മാര്‍ ഒഴിവാക്കിയിരുന്നു. മൂന്ന് ക്രൈസ്തവ ദേവാലയങ്ങളിലും നക്ഷത്രഹോട്ടലുകളിലുമായാണ് ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനപരമ്പര അരങ്ങേറിയത്.