World

ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി 20ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി 20ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
X

തിരുവനന്തപുരം: മംഗലപുരം ടെക്‌നോസിറ്റി ആസ്ഥാനമാക്കിയുള്ള കേരള യൂനിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ മാസം 20ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ഫലകം അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങില്‍ അഭിസംബോധന ചെയ്യും.

സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളം (ഐഐഐടിഎംകെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത്. സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്റ് ഓട്ടോമേഷന്‍, സ്‌കൂള്‍ ഓഫ് ഇന്‍ഫോര്‍മാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്‌സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്‌കൂളുകള്‍ ആരംഭിക്കും. ഓരോ സ്‌കൂളും കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മാറ്റിക്‌സ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും. പ്രമുഖ അന്താരാഷ്ട്ര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്‌ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡാറ്റ അനലിറ്റിക്‌സ്, ബയോകമ്പ്യൂട്ടിംഗ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. 2021 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓര്‍ഗനൈസേഷനും സര്‍വകലാശാല നേതൃത്വം നല്‍കും.

Next Story

RELATED STORIES

Share it