World

മുസ്‌ലിം യാത്രക്കാരെ ഇറക്കിവിട്ട സംഭവം: ഡെല്‍റ്റ എയര്‍ലൈന്‍സിന് 35.66 ലക്ഷം പിഴ

2016 ജൂലൈയില്‍ രണ്ടുസംഭവങ്ങളിലായി മൂന്നുപേരെയാണ് ഇറക്കിവിട്ടത്. 2016 ജൂലൈ 26 ന് പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തിലാണ് ആദ്യസംഭവം. പെരുമാറ്റം ഭീതി ഉയര്‍ത്തുന്നുവെന്നും അസൗകര്യമുണ്ടാക്കുന്നുവെന്നും സഹയാത്രക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മുസ്‌ലിം ദമ്പതികളെ ഡെല്‍റ്റ 229 വിമാനത്തിന്റെ ക്യാപ്റ്റന്‍ ഇറക്കിവിടുകയായിരുന്നു.

മുസ്‌ലിം യാത്രക്കാരെ ഇറക്കിവിട്ട സംഭവം: ഡെല്‍റ്റ എയര്‍ലൈന്‍സിന് 35.66 ലക്ഷം പിഴ
X

വാഷിങ്ടണ്‍: മുസ്‌ലിം യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ യുഎസ്സിലെ ഡെല്‍റ്റ എയര്‍ലൈന്‍സിന് വന്‍തുക പിഴ ചുമത്തി. 50,000 ഡോളറാണ് (35,66,275 രൂപ) അമേരിക്കന്‍ ഗതാഗതവകുപ്പ് പിഴ ചുമത്തിയത്. യാത്രക്കാരോട് കമ്പനി വിവേചനം കാണിച്ചെന്നും നിയമം ലംഘിച്ചെന്നും യുഎസ് ട്രാന്‍സ്‌പോര്‍ട്ട് ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തി. 2016 ജൂലൈയില്‍ രണ്ടുസംഭവങ്ങളിലായി മൂന്നുപേരെയാണ് ഇറക്കിവിട്ടത്. 2016 ജൂലൈ 26 ന് പാരീസിലെ ചാള്‍സ് ഡി ഗൗല്ലെ വിമാനത്താവളത്തിലാണ് ആദ്യസംഭവം. പെരുമാറ്റം ഭീതി ഉയര്‍ത്തുന്നുവെന്നും അസൗകര്യമുണ്ടാക്കുന്നുവെന്നും സഹയാത്രക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മുസ്‌ലിം ദമ്പതികളെ ഡെല്‍റ്റ 229 വിമാനത്തിന്റെ ക്യാപ്റ്റന്‍ ഇറക്കിവിടുകയായിരുന്നു.

മുസ്‌ലിം ദമ്പതികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ നിരവധി തവണ അല്ലാഹു എന്ന് ടൈപ്പ് ചെയ്യുന്നത് കണ്ടതായി വിമാനജീവനക്കാരന്‍ ക്യാപ്റ്റനെ അറിയിക്കുകയായിരുന്നു. സിന്‍സിനിയാറ്റിയിലേക്ക് പോവുകയായിരുന്ന ഫൈസല്‍, നാസിയ അലി എന്നിവര്‍ക്കാണ് വിമാനയാത്രയില്‍ മോശം അനുഭവമുണ്ടായത്. ദമ്പതികള്‍ യുഎസ് പൗരന്‍മാരാണെന്നും നാട്ടിലേക്ക് മടങ്ങുന്ന അവര്‍ കരിമ്പട്ടികയിലല്ലെന്നും ഡെല്‍റ്റ കമ്പനിയുടെ കോര്‍പറേറ്റ് സെക്യൂരിറ്റി വിഭാഗം അറിയിച്ചെങ്കിലും അവരെ വീണ്ടും വിമാനത്തില്‍ കയറ്റാന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചു. ഡെല്‍റ്റയുടെ സുരക്ഷാ പ്രോട്ടോക്കോള്‍ ക്യാപ്റ്റന്‍ പാലിച്ചില്ലെന്നും ഡെല്‍റ്റ അധികൃതര്‍ ദമ്പതികളുടെ യാത്രതടയാന്‍ പാടില്ലായിരുന്നുവെന്നും ഗതാഗതവകുപ്പ് പറഞ്ഞു. 2016 ജൂലൈ 31 ന് ആംസ്റ്റര്‍ഡാമില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ഡെല്‍റ്റ- 49 വിമാനത്തിലാണ് രണ്ടാമത്തെ സംഭവം. മറ്റു യാത്രക്കാരും എയര്‍ ഹോസ്റ്റസുമാരും പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഒരു യാത്രക്കാരനെ ക്യാപ്റ്റന്‍ പുറത്താക്കുകയായിരുന്നു.

അസാധാരണമായി ഒന്നുമില്ലെന്ന് ഫസ്റ്റ് ഓഫിസറും യാത്രക്കാരന്‍ കരിമ്പട്ടികയിലല്ലെന്ന് ഡെല്‍റ്റ സെക്യൂരിറ്റിയും അറിയിച്ചിരുന്നുവെങ്കിലും വിമാനം പറത്താനൊരുങ്ങിയ ക്യാപ്റ്റന്‍ വീണ്ടും യാത്രക്കാരനു സമീപമെത്തി പരിശോധന നടത്തി പുറത്താക്കുകയായിരുന്നു. ക്യാപ്റ്റന്‍ സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും യാത്രക്കാരനെ ഒഴിവാക്കിയ നടപടി വിവേചനപരമാണെന്നും ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടി. ഡെല്‍റ്റയ്ക്കും മറ്റു എയര്‍ലൈനുകള്‍ക്കും ശക്തമായ മുന്നറിയിപ്പാണ് പിഴ ഈടാക്കാനുള്ള ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, വിവേചനപരമായ പെരുമാറ്റമുണ്ടായില്ലെന്നായിരുന്നു ഡെല്‍റ്റയുടെ വിശദീകരണം. 2016 ജൂലൈയിലെ സംഭവങ്ങള്‍ക്കുശേഷം സംശയമുള്ള കാര്യങ്ങള്‍ പരിശോധന നടത്തുന്നതിനും മറ്റുമുള്ള ചട്ടങ്ങള്‍ പരിഷ്‌കരിച്ചതായി ഡെല്‍റ്റ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it