World

ബെയ്‌റൂത്ത് സ്‌ഫോടനം: 78 പേര്‍ കൊല്ലപ്പെട്ടു; 4,000 പേര്‍ക്ക് പരിക്ക്

സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍ രാജ്യത്തെ ഉന്നതതല പ്രതിരോധസമിതി വിളിച്ചുകൂട്ടി. ഇന്ന് മന്ത്രിസഭായോഗം വിളിച്ച് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ബെയ്‌റൂത്ത് സ്‌ഫോടനം: 78 പേര്‍ കൊല്ലപ്പെട്ടു; 4,000 പേര്‍ക്ക് പരിക്ക്
X

ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ അത്യുഗ്രസ്‌ഫോടനത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ലെബനന്‍ ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്‌റൂത്ത് തുറമുഖത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച ആറോടെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കെട്ടിടങ്ങളുടെ ജനാലകള്‍ തകര്‍ന്നു.

സ്ഫോടനത്തെതുടര്‍ന്ന് തലസ്ഥാനത്തുടനീളം പ്രകമ്പനമുണ്ടായി. തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ പോലും വ്യാപകമായ നാശനഷ്ടമുണ്ടായി. ആദ്യം ഓറഞ്ച് നിറത്തില്‍ സ്ഫോടനമുണ്ടാവുകയും തൊട്ടുപിന്നാലെ പ്രദേശമാകെ പ്രകമ്പനംകൊള്ളിച്ച് വന്‍ സ്ഫോടനമുണ്ടാവുകയുമായിരുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ലെബനന്‍ പ്രസിഡന്റ് മിഷേല്‍ ഔന്‍ രാജ്യത്തെ ഉന്നതതല പ്രതിരോധസമിതി വിളിച്ചുകൂട്ടി. ഇന്ന് മന്ത്രിസഭായോഗം വിളിച്ച് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചാണ് തുറമുഖ പ്രദേശം ഉള്‍കൊള്ളുന്ന മേഖലയില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.

തങ്ങളുടെ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റതായി സ്ഫോടന സ്ഥലത്തിന് സമീപം നങ്കൂരമിട്ട ഇറ്റാലിയന്‍ കപ്പലായ ഓറിയന്റ് ക്വീനിലെ ക്യാപ്റ്റന്‍ അല്‍ജസീറയോട് വ്യക്തമാക്കി. കപ്പലിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഇതിലുണ്ടായിരുന്ന നിരവധി പേരുടെ നില ഗുരുതരമാണെന്ന് ലെബനനിലെ ഐക്യരാഷ്ട്ര ഇടക്കാല സേന (യുനിഫില്‍) അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും യൂനിഫില്‍ പറഞ്ഞു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ജനങ്ങളോടും ലെബനന്‍ സര്‍ക്കാരിനോടും ഒപ്പമുണ്ട്. ഒപ്പം സഹായവും നല്‍കാന്‍ തയ്യാറാണ്- യൂനിഫില്‍ മിഷന്‍ മേധാവിയും ഫോഴ്സ് കമാന്‍ഡറുമായ മേജര്‍ ജനറല്‍ ഡെല്‍ കോള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it