World

ലോക്ക് ഡൗണ്‍: തുര്‍ക്കി ആഭ്യന്തരമന്ത്രി രാജിവച്ചു; സ്വീകരിക്കാതെ പ്രസിഡന്റ് ഉര്‍ദുഗാന്‍

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുലൈമാന്‍ രാജിവച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ലോക്ക് ഡൗണ്‍: തുര്‍ക്കി ആഭ്യന്തരമന്ത്രി രാജിവച്ചു; സ്വീകരിക്കാതെ പ്രസിഡന്റ് ഉര്‍ദുഗാന്‍
X

ഇസ്താംബൂള്‍: തുര്‍ക്കി ആഭ്യന്തരമന്ത്രി സുലൈമാന്‍ സോയ്‌ലു രാജിവച്ചു. കൊവിഡ്- 19 വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടികളിലും രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിലുമുണ്ടായ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ആഭ്യന്തരമന്ത്രിയുടെ രാജി. അതേസമയം, സോയ്‌ലുവിന്റെ രാജി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നിരസിച്ചു. അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് ഉര്‍ദുഗാന്‍ വ്യക്തമാക്കി. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുലൈമാന്‍ രാജിവച്ചതെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

തന്റെ രാജ്യത്തെ ഒരിക്കലും വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും സുലൈമാന്‍ ട്വിറ്ററില്‍ പറഞ്ഞു. രാജ്യത്തോടും പ്രസിഡന്റിനോടും ജീവിതകാലം മുഴുവന്‍ താന്‍ വിശ്വസ്തനായിരിക്കും. തന്നോട് ക്ഷമിക്കണമെന്നും രാജി പ്രസ്താവനയില്‍ സുലൈമാന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് ആഭ്യന്തരമന്ത്രാലയം തുര്‍ക്കിയിലെ 30 നഗരങ്ങളില്‍ 48 മണിക്കൂര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. അവര്‍ അവശ്യവസ്തുകള്‍ വാങ്ങാന്‍ കൂട്ടമായി പുറത്തിറങ്ങുകയും സമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തു. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ഇതെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിലുള്ള പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് സമ്മതിച്ച് സുലൈമാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് തുര്‍ക്കി മന്ത്രിസഭയിലെ ഗതാഗതമന്ത്രിയെ കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലെ വീഴ്ചകളെത്തുടര്‍ന്ന് നീക്കിയിരുന്നു. തുര്‍ക്കിയില്‍ 56,956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 52,312 പേരും ചികില്‍സയിലാണ്. കൊവിഡ് ബാധിച്ച് ആകെ 1,198 പേരാണ് രാജ്യത്ത് മരിച്ചത്. ഞായറാഴ്ച മാത്രം 97 മരണങ്ങളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it