World

അമേരിക്കയില്‍ വിപണി തുറക്കാനൊരുങ്ങി ട്രംപ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്

ലോക്ക് ഡൗണ്‍ ലഘൂകരിക്കാനുള്ള മൂന്നുഘട്ടങ്ങളായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിപണി തുറക്കാനുള്ള അന്തിമതീരുമാനം ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വിട്ടുനല്‍കി.

അമേരിക്കയില്‍ വിപണി തുറക്കാനൊരുങ്ങി ട്രംപ്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ട് വൈറ്റ് ഹൗസ്
X

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് തീവ്രവ്യാപനം അവസാനിച്ചെന്നും വിപണികള്‍ തുറക്കാന്‍ സമയമായെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വിപണികള്‍ വീണ്ടും തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വൈറ്റ് ഹൗസ് പുറത്തുവിട്ടു. ലോക്ക് ഡൗണ്‍ ലഘൂകരിക്കാനുള്ള മൂന്നുഘട്ടങ്ങളായുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിപണി തുറക്കാനുള്ള അന്തിമതീരുമാനം ട്രംപ് സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് വിട്ടുനല്‍കി. അമേരിക്ക വീണ്ടും തുറക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള അടുത്ത യുദ്ധമെന്നായിരുന്നു കൊവിഡ് അവലോകനത്തില്‍ ട്രംപ് പ്രഖ്യാപിച്ചത്. ദേശീയ ലോക്ക് ഡൗണ്‍ സുസ്ഥിരപരിഹാരമാര്‍ഗമല്ലെന്ന് പറഞ്ഞ ട്രംപ്, അമേരിക്കയും അമേരിക്കക്കാരും രാജ്യം തുറക്കാന്‍ ആഗ്രഹിക്കുന്നതായി ചൂണ്ടിക്കാട്ടി.

നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ പൊതുജനാരോഗ്യത്തിന് ഗുരുതരപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ എന്നിവ കുത്തനെ ഉയരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആരോഗ്യമുള്ള പൗരന്‍മാര്‍ക്ക് നിയന്ത്രണങ്ങളോടെ ജോലിയിലേക്ക് മടങ്ങാന്‍ കഴിയും. എന്നാല്‍, എല്ലാവരും കൃത്യമായ സാമൂഹിക അകലം പാലിക്കണം. ആരോഗ്യം മോശമാണെങ്കില്‍ വീട്ടില്‍ തുടരാനും ട്രംപ് ആഹ്വാനം ചെയ്തു. അമേരിക്കന്‍ വിപണി വീണ്ടും തുറക്കുകയെന്നത് ശ്രദ്ധാപൂര്‍വമായ ഒരു ചുവടുവയ്പായിരിക്കും. ഇക്കാര്യത്തില്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു. വൈറ്റ് ഹൗസ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാനത്തെ വിപണി തുറക്കുന്നതിനുള്ള മൂന്ന് ഘട്ടങ്ങളാണുള്ളത്.

ബിബിസിയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്. ഓരോ ഘട്ടത്തിലും കുറഞ്ഞത് 14 ദിവസത്തെ ഇടവേളയുണ്ടാവും. വ്യക്തിഗത ശുചിത്വം, സാമൂഹിക അകലം, പരിശോധന, കോണ്‍ടാക്ട് ട്രെയ്സിങ് എന്നിവ ഉറപ്പാക്കുന്നതിനും നയങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ശുപാര്‍ശകളാണ് അടങ്ങിയിരിക്കുന്നത്. അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, പൊതുസ്ഥലങ്ങളില്‍ ഒത്തുകൂടാതിരിക്കുക എന്നിവ ഒന്നാംഘട്ടത്തില്‍പ്പെടുന്നു. കര്‍ശനമായ ശാരീരിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകള്‍ പാലിച്ച് റെസ്റ്റോറന്റുകള്‍, ആരാധനാലയങ്ങള്‍, കായികവേദികള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ കഴിയും. വൈറസ് പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് വ്യക്തമായാല്‍ രണ്ടാംഘട്ടത്തില്‍ സാധാരണ നിലയിലുള്ള യാത്രകള്‍ അനുവദിക്കാം. സ്‌കൂളുകളും ബാറുകളും തുറക്കാം.

ബാറുകളില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. മൂന്നാംഘട്ടം രോഗം പൂര്‍ണമായും മുക്തമായെന്ന് വ്യക്തമാവുന്ന സംസ്ഥാനങ്ങള്‍ക്ക് മതിയായ ജോലിക്കാരെ ഉപയോഗിച്ച് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാം. സാമൂഹിക അകലം പാലിക്കണമെന്ന നിബന്ധനയുണ്ടാവില്ല. ആശുപത്രികളും കെയര്‍ ഹോമുകളിലും സന്ദര്‍ശനം നടത്താം. ബാറുകള്‍ക്കും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,174 കോവിഡ് മരണങ്ങളാണുണ്ടായത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,617 ആയി. പുതുതായി 29,567 കേസുകളും ഇന്നലെ റിപോര്‍ട്ട് ചെയ്തു. ആകെ കോവിഡ് കേസുകളുടെ എണ്ണം ആറുലക്ഷം കവിഞ്ഞു. 677,570 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it