World

കൊവിഡ് തീവ്രവ്യാപനം; മൂന്നാമത്തെ നഗരവും അടച്ചിട്ട് ചൈന

കൊവിഡ് തീവ്രവ്യാപനം; മൂന്നാമത്തെ നഗരവും അടച്ചിട്ട് ചൈന
X

ബെയ്ജിങ്: കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചതിനെത്തുടര്‍ന്ന് ചൈനയില്‍ മൂന്നാമത്തെ നഗരത്തിലും അധികൃതര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഹനാന്‍ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് പുതുതായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ ഷിയാന്‍, ടിയാന്‍ജിന്‍ നഗരങ്ങളും ലോക്ക് ഡൗണിലാണ്. 55 ലക്ഷം ജനസംഖ്യയുള്ള അന്യാങ്ങില്‍ കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ 58 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തതെന്ന് അന്യാങ് നഗരസഭാ അധികൃതര്‍ അറിയിച്ചു.

താമസക്കാര്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവര്‍ ഒഴികെയുള്ള കടകള്‍ അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. അന്യാങ്ങിന്റെ ലോക്ക് ഡൗണ്‍ എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല. മറ്റൊരു 13 ദശലക്ഷം ആളുകളുള്ള സിയാനില്‍ മൂന്നാഴ്ചയോളം പൂട്ടിയിരിക്കുകയാണ്. കൂടാതെ 1.1 ദശലക്ഷം ആളുകള്‍ യുഷൗവില്‍ ഒരാഴ്ചയിലേറെയായി അടച്ചിടലിലാണ്. ഇതോടെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം ജനങ്ങള്‍ ഇപ്പോള്‍ അടച്ചിടലിലാണ്.

ജനങ്ങളെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയരാക്കാനാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം. രണ്ട് ഒമിക്രോണ്‍ കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതോടെയാണ് അന്യാങ് നഗരം അടച്ചിട്ടത്. നേരത്തെ വിദേശത്തുനിന്ന് വന്നവരില്‍ മാത്രമാണ് ഒമിക്രോണ്‍ വകദേഭം കണ്ടെത്തിയത്. എന്നാല്‍, ഇതാദ്യമായാണ് നാട്ടില്‍ തന്നെയുള്ളവരില്‍ ഈ വകഭേദം കണ്ടെത്തുന്നത്. ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ജനങ്ങളോട് വീടുകള്‍ വിട്ട് പുറത്തുപോവരുതെന്നും കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it