World

ഉമര്‍ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരേ കേന്ദ്രം

ഉമര്‍ ഖാലിദ് വിഷയത്തില്‍ മംദാനിക്കെതിരേ കേന്ദ്രം
X

ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിക്കെതിരേ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുമായി ബന്ധപ്പെട്ട അനുചിത പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും മറ്റൊരു രാജ്യത്തെ ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തരുതെന്നുമാണ് മംദാനിക്കെതിരായ പ്രതികരണം. ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന് മംദാനി കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

'മറ്റ് ജനാധിപത്യ രാജ്യങ്ങളിലെ ജനപ്രതിനിധികള്‍ നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. വ്യക്തിപരമായ മുന്‍വിധികള്‍ പ്രകടിപ്പിക്കുന്നത് അധികാരത്തിലിരിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. അത്തരം പരാമര്‍ശങ്ങള്‍ക്കു പകരം, സ്വന്തം കടമകളിലും ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഉചിതം' എന്നാണ് മംദാനിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം.

ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരത്തിലേറിയ ദിവസമാണ് ഉമറിന്റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമത്തിലൂടെ കത്ത് പങ്കുവെച്ചിരുന്നത്. പ്രിയപ്പെട്ട ഉമര്‍ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്തില്‍, കയ്പിനെ കുറിച്ചും സ്വയം നശിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ഉമറിന്റെ വാക്കുകള്‍ താന്‍ ഓര്‍ക്കാറുണ്ടെന്ന് മംദാനി പറഞ്ഞിരുന്നു. ഉമറിന്റെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തങ്ങളുടെ എല്ലാവരുടേയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സൊഹ്‌റാന്‍ മംദാനി കത്ത് അവസാനിപ്പിച്ചത്.

Next Story

RELATED STORIES

Share it