World

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദം; അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ മുന്നില്‍

ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷം ജോ ബൈഡന്റെ ദേശീയ ലീഡ് 14 പോയിന്റിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പോയിന്റ് നില ഇരട്ടിയാവുകയാണുണ്ടായത്. പുതിയ വോട്ടെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 53 ശതമാനം ബൈഡനെ പിന്തുണക്കുമ്പോള്‍ 39 ശതമാനം മാത്രമാണ് ട്രംപിനെ അംഗീകരിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദം; അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ മുന്നില്‍
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സ്ഥാനാര്‍ഥികളുടെ സംവാദത്തിനുശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്രംപിനേക്കാള്‍ മുന്നിലെത്തിയെന്ന് അഭിപ്രായവോട്ടെടുപ്പ് ഫലം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍/എന്‍ബിസി ന്യൂസ് വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷം ജോ ബൈഡന്റെ ദേശീയ ലീഡ് 14 പോയിന്റിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പോയിന്റ് നില ഇരട്ടിയാവുകയാണുണ്ടായത്. പുതിയ വോട്ടെടുപ്പില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 53 ശതമാനം ബൈഡനെ പിന്തുണക്കുമ്പോള്‍ 39 ശതമാനം മാത്രമാണ് ട്രംപിനെ അംഗീകരിക്കുന്നത്.

ബൈഡന്‍ പ്രസിഡന്റാവാന്‍ യോഗ്യനാണെന്ന് വോട്ടെടുപ്പില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാള്‍ അഭിപ്രായപ്പെടുന്നു. ട്രംപും ബൈഡനും തമ്മില്‍ ചൊവ്വാഴ്ച അരങ്ങേറിയ രൂക്ഷമായ വാക്‌പോരും സംവാദവും പൂര്‍ത്തിയായശേഷമുള്ള രണ്ട് ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. അപ്പോഴേയ്ക്കും ട്രംപ് കൊവിഡ് ബാധിതനാവുകയും ചെയ്തു. കഴിഞ്ഞമാസം എട്ടു പോയിന്റും ജൂലൈയില്‍ 11 പോയിന്റും നേട്ടം ബൈഡന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍, ട്രംപിന് കാര്യങ്ങള്‍ തിരിച്ചുപിടിക്കാനാവുമെന്ന വിശ്വാസമാണ് റിപബ്ലിക്കന്‍മാര്‍ പ്രകടിപ്പിക്കുന്നത്.

ചര്‍ച്ചയില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ പരാജയമുണ്ടായതായി ഡെമോക്രാറ്റിക് വോട്ടെടുപ്പിന് നേതൃത്വം നല്‍കിയ ഹാര്‍ട്ട് റിസര്‍ച്ച് അസോസിയേറ്റ്സിലെ ജെഫ് ഹോര്‍വിറ്റ് പ്രതികരിച്ചു. സംവാദത്തിനിടയില്‍ ട്രംപ് പലതവണ എതിരാളിയെ തടസ്സപ്പെടുത്തിയത് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നു വിലയിരുത്തപ്പെടുത്തുന്നുണ്ട്. ഡെമോക്രാറ്റുകളില്‍ 84 ശതമാനവും സംവാദത്തില്‍ ബൈഡന്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് കരുതുന്നത്. പൊതുവില്‍ 49 ശതമാനം പേര്‍ ബൈഡന്‍ ചര്‍ച്ചയില്‍ മികവ് പുലര്‍ത്തിയെന്ന് അഭിപ്രായപ്പെട്ടു.

ചര്‍ച്ചയില്‍ എതിരാളിയെ അപമാനിക്കല്‍, തടസ്സപ്പെടുത്തല്‍, അസത്യപ്രചാരണം, വ്യക്തിപരമായ അധിക്ഷേപം എന്നിവയൊന്നും പ്രസിഡന്റിന് ചേര്‍ന്നതല്ലെന്നാണ് ബൈഡനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ട്രംപ് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് റിപബ്ലിക്കന്‍മാരില്‍ പോലും 54 ശതമാനത്തിന് മാത്രമാണ് അഭിപ്രായമുള്ളത്. ആകെ 24 ശതമാനം പേരാണ് ട്രംപിന്റെ പ്രകടനം മികച്ചതാണെന്ന് വ്യക്തമാക്കുന്നത്. സ്ഥാനാര്‍ഥികളില്‍ ഇരുവരും നന്നായില്ലെന്ന അഭിപ്രായക്കാര്‍ 17 ശതമാനമാണ്. പ്രസിഡന്റാവാനുള്ള മികച്ച സ്വഭാവം ബൈഡനാണെന്ന് 58 ശതമാനവും ട്രംപിനാണെന്ന് 26 ശതമാനവും അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപ് കൊവിഡ് ബാധിതനായതോടെ തുടര്‍സംവാദങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒക്ടോബര്‍ 15ന് മിയാമിയിലും ഒക്ടോബര്‍ 22ന് ടെന്നിസിയിലെ നാഷ് വില്ലെയിലും രണ്ട് സംവാദങ്ങള്‍കൂടി നടക്കാനുണ്ടെങ്കിലും ട്രംപ് കൊവിഡ് ബാധിതനായതോടെ അവയെക്കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. സംവാദം മാറ്റിവയ്ക്കുമോ അതോ ഉപേക്ഷിക്കതുമോ എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദം ബുധനാഴ്ച നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it